X

സൂര്യതാപത്തിന് സാധ്യതയേറുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവുകുപ്പ്

കല്‍പ്പറ്റ: പ്രളയം മാറി ദിവസങ്ങള്‍ക്കുള്ളില്‍ വേനല്‍ കടുത്തതോടെ സൂര്യതാപത്തിനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. സൂര്യാഘാതത്തേക്കാളും കാഠിന്യം കുറഞ്ഞതാണ് സൂര്യാതപമെങ്കിലും പ്രത്യേകം ശ്രദ്ധവേണമെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക അറിയിച്ചു.

ധാരാളം വെള്ളം കുടിക്കണമെന്നും കൂടുതലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിക്കണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു. കടുത്ത വേനലില്‍ സൂര്യാഘാതവും സൂര്യാതപവും ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാവുക, തലവേദന, പേശിമുറുകല്‍, കൃഷ്ണമണി വികസിക്കല്‍, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണം. സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കടുത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, ബോധംകെട്ടുവീഴല്‍ തുടങ്ങിയവയാണ് ലക്ഷണം. ശുദ്ധജലം ധാരാളം കുടിക്കുക, വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ജോലിസമയം ക്രമീകരിക്കുക, ഉച്ചസമയത്ത് വിശ്രമിച്ച് രാവിലെയും വൈകിട്ടും കൂടുതല്‍ സമയം ജോലിചെയ്യുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, പ്രായാധിക്യമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യം പ്രത്യേകം ശ്രദ്ധിക്കുക, വിടീനകത്ത് ധാരാളം കാറ്റ് കടക്കുന്നരീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകുന്നരീതിയിലും വാതിലും ജനലും തുറന്നിടുക, വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധപാലിക്കണം.

മഴമാറി വേനല്‍ കടുത്തതോടെ ചുട്ടുപൊള്ളുന്ന ജില്ലയില്‍ ഇന്നലെ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. വോളിബോള്‍ മൈതാനം വൃത്തിയാക്കുന്നതിനിടയില്‍ കോട്ടത്തറ താഴെ മൈലാടി കമ്മനാട് ഇസ്മായില്‍ (35), വീടിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ പണിയെടുക്കുന്നതിനിടയില്‍ നടവയല്‍ പുഞ്ചക്കുന്ന് കണ്ടോത്ത് ബിജു (37) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. ചൂട് കൂടിയതോടെ സൂര്യതാപത്തിനുള്ള സാധ്യതയും വര്‍ധിക്കുകയാണ്.

chandrika: