2022 ലെ കേന്ദ്ര ബജറ്റില്‍ അസാധാരണമായി യാതൊന്നുമില്ല. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന പദ്ധതികള്‍ കാണുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ സത്യം ഏറെ അകലെയാണ്. ബജറ്റ് രേഖകളില്‍ സാധാരണ ഇന്ത്യക്കാര്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ആവശ്യമായ യാതൊന്നും ഇല്ല. ഈ രേഖകളൊന്നും നടുവൊടിഞ്ഞ ഇന്ത്യക്കാരന്‍ കാണുകയില്ലെന്ന് ഭരിക്കുന്നവര്‍ക്കറിയാമല്ലോ. നാട്ടുകാര്‍ക്കും വോട്ടര്‍മാര്‍ക്കും വേണ്ടതെല്ലാം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും നേതാക്കളുടെ വായില്‍ നിന്നും വാതകങ്ങളായി പുറത്തുവരുന്നുണ്ട്. അവയെല്ലാം ആകാശത്ത് മാലിന്യം പരത്തുന്ന പ്രക്രിയയായി മാത്രം കണ്ടാല്‍ മതി. പ്രധാനമന്ത്രി തന്നെ പാര്‍ലമെന്റില്‍ ഇത്തവണ പറഞ്ഞത് തിരഞ്ഞെടുപ്പ് വരും, പോകും, പാര്‍ലമെന്റില്‍ മുടക്കമില്ലാതെ ബജറ്റുകള്‍ ഉള്‍പ്പെടെ സകലതും നന്നായി ചര്‍ച്ച ചെയ്യണം എന്നാണ്. ഒരിക്കലും പ്രതിപക്ഷത്തെ മിണ്ടാന്‍ സമ്മതിക്കാതിരിക്കുക എന്ന നയം തുടരുന്നതാണ് ഇപ്പോഴും നാം കണ്ടത്. അസാധാരണ കാലഘട്ടത്തിലെ അസാധാരണ ബജറ്റാണെന്ന വാദവും സംഗതി പുറത്തുവന്നതോടെ പൊളിഞ്ഞു. ഇത് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിലേത് മാത്രമല്ല നൂറാം വാര്‍ഷികം വരെ മനസില്‍ കണ്ടാണത്രെ അവതരിപ്പിച്ചത്. ഇവയെല്ലാം നുണകളാണ്. പതിവുപോലെ ജനവിരുദ്ധതയാണ് ഈ ബജറ്റിന്റെയും മുഖമുദ്ര.
ചെറുപ്പക്കാരുടെയിടയില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മക്കും യാതൊരു പരിഹാരവും പ്രഖ്യാപനങ്ങളില്‍ ഇല്ല. സുമാര്‍ പതിമൂന്നു കോടി യുവതി യുവാക്കളാണ് തൊഴില്‍രഹിതരായി കഴിയുന്നത്. ഗ്രാമീണ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച തൊഴിലുറപ്പ് പദ്ധതി മന്‍മോഹന്‍സിങ് നടപ്പാക്കിയ മാതൃകാപരിപാടിയായിരുന്നു. ലോകത്തൊരിടത്തും ഇപ്രകാരം തൊഴില്‍ ഉറപ്പ് പദ്ധതി ഇല്ല. എങ്കിലും ഈ സര്‍ക്കാര്‍ അതിനെ അവഗണിക്കുകയാണ് ചെയ്തത്. വലിയ പ്രതീക്ഷകള്‍ രാജ്യത്തിന് നല്‍കിയ അതിബൃഹത്തായ ഈ പദ്ധതിക്ക് ഒരു ലക്ഷത്തി നാല്‍പ്പത്തയ്യായിരം കോടി രൂപ യു.പി.എ സര്‍ക്കാര്‍ തുടക്കത്തിലേ നീക്കിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം നടപ്പു പദ്ധതി കാലത്തും 98000 കോടിയിലേക്ക് അതിനെ പരിമിതപ്പെടുത്തിയിരിക്കുന്നു. ജനങ്ങളിലേക്ക് പണം വേതനമായും ഉത്പന്നവിലയായും മറ്റ് ആനുകൂല്യങ്ങളായും എത്തിച്ചേരാനും അതുവഴി അവരുടെ ക്രയ ശേഷി വര്‍ധിപ്പിക്കാനും ഇടയാക്കുന്ന പദ്ധതി പോലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
കര്‍ഷകര്‍ സുമാര്‍ രണ്ടു വര്‍ഷക്കാലം നടത്തിയ പ്രക്ഷോഭങ്ങളില്‍നിന്ന് എന്തെങ്കിലും ഈ സര്‍ക്കാര്‍ പഠിച്ച ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഉത്പന്നങ്ങളുടെ താങ്ങുവിലയായി നല്‍കുന്ന സംഖ്യ പരിമിതപ്പെടുത്തുകയും ചെയ്തു. കാര്‍ഷിക ഉത്പാദനം ഇരട്ടിയാക്കാനും കൃഷിക്കാര്‍ക്ക് മികച്ച വില കിട്ടാനും സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യുന്ന അശോക് ദല്‍വായി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് സഹായമായി ഒരു ലക്ഷം കോടി രൂപ നല്‍കാനുള്ള പദ്ധതി തീരെ ചെറുതാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായത് വീതം വെക്കുമ്പോള്‍ മൂന്നര കോടി ആളുകളുള്ള കേരളത്തിന് എന്തുകിട്ടും. സംസ്ഥാനങ്ങള്‍ക്ക് വായ്പ വാങ്ങാനുള്ള പരിമിതി നാലര ശതമാനം മാത്രമായി ഇപ്പോഴും നിലനില്‍ക്കുന്നു. കടം വാങ്ങാന്‍ കേന്ദ്രം അനുവദിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ അവരുടെ ഊര്‍ജ്ജമേഖല മുതലാളിമാരെ ഏല്‍പ്പിച്ച് കൊടുത്ത് വിവരം പറയണമെന്നാണ് കേന്ദ്രത്തിന്റെ വിചിത്ര നിബന്ധന. ആരോഗ്യരംഗത്ത് ഭാരതം വളരെയേറെ ദരിദ്രമാണെന്ന് ലോകം മുഴുവന്‍ മനസ്സിലാക്കിയ കാലമാണിത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡിനെ പ്രതിരോധിക്കേണ്ട അടിയന്തിര സാഹചര്യം വന്നപ്പോള്‍ ഇന്ത്യയുടെ മുണ്ടഴിഞ്ഞുപോയ വിഷയമാണത്. ഇത്രയും പരിതാപകരമായ അവസ്ഥയില്‍നിന്നും കരകയറാന്‍ കാര്യമായ ഒന്നും ആരോഗ്യരംഗത്തിന് നല്‍കാന്‍ ബജറ്റ് ശ്രദ്ധിച്ചതേയില്ല. മര്‍മ പ്രധാനമായ മറ്റൊരു രംഗം വിദ്യാഭ്യാസമാണ്. അതിനായി വഴിയൊരുക്കുന്ന പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും നികുതിയിളവും ഈ ബജറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറുകിട ഇടത്തരം വ്യവസായ മേഖലകള്‍ നോട്ട് നിരോധന നിയമം കാരണം വളരെയേറെ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. കുത്തകകള്‍ക്ക് പ്രത്യേകിച്ച് അംബാനിമാര്‍ക്കും അദാനിമാര്‍ക്കും നല്‍കി വരുന്ന യാതൊരു ആനുകൂല്യങ്ങളും ചെറുകിട വ്യവസായികള്‍ക്ക് ഇപ്പോഴും ലഭ്യമല്ല. ഇന്ത്യയുടെ സമ്പത്തിന്റെ 70 ശതമാനവും 10 ശതമാനം വരുന്ന മുതലാളിമാര്‍ കയ്യടക്കി വെച്ചിരിക്കുന്നു. അതെല്ലാം തുടരുകയും വളരുകയും ചെയ്യാനാണ് സാധ്യത.
പി.എം ഗതി ശക്തി എന്ന മഹാ പദ്ധതി തങ്ങള്‍ പുതുതായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നും ആയതും വന്‍കിട മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ധനകാര്യമന്ത്രി അവകാശപ്പെട്ടുകണ്ടു. ഏഴര ലക്ഷം കോടി രൂപ അതിനായി ചെലവഴിക്കുമത്രെ. ആ പണം എവിടെന്നു കിട്ടും. എല്‍.ഐ.സി എന്ന മഹത്തായ സ്ഥാപനംകൂടി സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റ് കാശാക്കുമത്രെ. വാസ്തവത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ദേശീയപാത വികസന പദ്ധതി, 25000 കി.മി പുതിയ റോഡ് എന്നിങ്ങനെയുള്ള പദ്ധതികളെല്ലാം ഒരുമിച്ച് ചേര്‍ത്ത് മറ്റൊരു പേരിട്ടതാണ് പി. എം ഗതി ശക്തി. 1956 ല്‍ വെറും 5 കോടി മുടക്കി അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന എല്‍.ഐ.സി ഇന്ന് മഹാ പ്രസ്ഥാനമാണ്. 45 കോടി മനുഷ്യര്‍ എല്‍.ഐ.സി ഉപഭോക്താക്കളാണ്. കോടാനുകോടി ആസ്തിയുള്ള ആ സ്ഥാപനത്തിന് സര്‍ക്കാര്‍ ഒന്നും നല്‍കേണ്ടതില്ല. പോളിസി എടുക്കുന്നവര്‍ മുടക്കുന്ന പണം ഉപയോഗിച്ച് എല്‍.ഐ.സി ലാഭം കൊയ്യുന്നു. അതിലൊരു വിഹിതം ഉപഭോക്താക്കള്‍ക്കും സര്‍ക്കാറിനും നല്‍കുന്നു. ഇത്രയും സുരക്ഷിതവും ലാഭകരവും സര്‍ക്കാറിന് മുടക്കില്ലാത്തതുമായ പദ്ധതിയാണിപ്പോള്‍ മുതലാളിമാര്‍ക്ക് വില്‍ക്കാന്‍ പോകുന്നത്. അതില്‍നിന്നും കിട്ടുന്ന പണം പി.എം ഗതി ശക്തിയായി ജനിക്കുന്ന പദ്ധതികള്‍ക്ക് കൊടുക്കുന്നു. അതിനുകീഴില്‍ വരുന്ന പദ്ധതികളെല്ലാം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും സ്വകാര്യമേഖലക്ക് പങ്കാളിത്തമുള്ളതുമാണ്. സര്‍ക്കാറിന്റെ സ്ഥാപനം വിറ്റ് മുതലാളിയില്‍നിന്നും കിട്ടുന്ന പണം അതേ മുതലാളിമാരുടെ കൈകളിലേക്ക് മറ്റു പദ്ധതികളിലൂടെ എത്തിക്കുന്നതാണ് പി.എം ഗതി. അസംഘടിത മേഖലയോട് വിവേചനം തുടരുകയാണ്. ഉത്പാദന മേഖലയില്‍ മഹാഭൂരിപക്ഷം തൊഴിലാളികളും അസംഘടിതരാണ്.
ബജറ്റ് അവതരിപ്പിക്കുന്നതിന്മുമ്പ് പതിവുപോലെ പ്രസിദ്ധീകരിച്ച സാമ്പത്തിക റിവ്യൂ ചൂണ്ടിക്കാണിച്ച മേഖലകളില്‍ ഇടപെടുകയാണ് വാസ്തവത്തില്‍ ചെയ്യേണ്ടത്. സമ്പദ് വ്യവസ്ഥയിലെ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന മേഖലകളായി സര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിട്ടുള്ള ഒരു കാര്യത്തിനും പരിഹാരം ബജറ്റ് നിര്‍ദ്ദേശിക്കുന്നില്ലെന്നതും വിരോധാഭാസമാണ്. ഇന്നത്തെ ഇന്ത്യയില്‍ ബജറ്റ് പ്രഖ്യാപനങ്ങളോ സര്‍ക്കാറിന്റെ പദ്ധതികളോ എന്തുതന്നെയായാലും അവയൊന്നും പൊതുജനം അറിയില്ലെന്നും മനസിലാക്കാന്‍ അവര്‍ക്ക് പ്രാപ്തിയില്ലെന്നും പറയാന്‍ അവര്‍ക്ക് ത്രാണിയില്ലെന്നും സര്‍ക്കാറിനറിയാം. ജനപ്രതിനിധികള്‍ അവ വിളിച്ചു പറയാന്‍ പാര്‍ലമെന്റിലോ അസംബ്ലിയിലോ എത്തിയാല്‍ ജനപ്രതിനിധികളെ നിശബ്ദരാക്കുന്ന തന്ത്രവും സര്‍ക്കാറിനറിയാം. തങ്ങള്‍ക്കിഷ്ടമുള്ളത് ഏതുവിധത്തിലും നടപ്പിലാക്കാമെന്നും അതൊന്നും ആരും ഇന്ത്യയില്‍ ചോദ്യംചെയ്യില്ലെന്നും ഇതിനകം രാജ്യം ഭരിക്കുന്നവര്‍ മനസ്സിലാക്കി കഴിഞ്ഞു. ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ദൗര്‍ബല്യമാണ് ഈ സര്‍ക്കാറിന്റെ ശക്തിയും ആത്മവിശ്വാസവും. കോര്‍പറേറ്റ് ഭീമന്മാരും ഭരണകൂടവും അലിഞ്ഞു ചേര്‍ന്ന് ഇത്രയേറെ സുഖമായി ഒരു രാജ്യവും ആരും ഭരിക്കുന്നുണ്ടാവില്ല. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആകെ വേണ്ടത് കൃത്യമായ ഇടവേളകളിലെ വംശീയ പ്രചാരണങ്ങളും അത്യാവശ്യം കലാപങ്ങളും മാത്രമാണ്. അതൊക്കെ അതിന്റെ മുറക്ക് നടത്താന്‍ ഒന്നാംതരം സംവിധാനങ്ങള്‍ ഉണ്ടല്ലോ. വോട്ടര്‍മാക്കും നാട്ടുകാര്‍ക്കും അതു തന്നെ ധാരാളം. പിന്നെയെന്തര് ബജറ്റ്.