X

സ്ത്രീ തന്നെയാണ് ധനം- എഡിറ്റോറിയല്‍

ഗതാഗതവകുപ്പ് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാര്‍ എന്ന മുപ്പത്തൊന്നുകാരന് സ്ത്രീധനപീഡനം ഉള്‍പെടെയുള്ള വിവിധ വകുപ്പുകളിലായി 18 വര്‍ഷം തടവിനും പിഴക്കും കൊല്ലം ജില്ലാസെഷന്‍സ് കോടതി വിധിച്ചിരിക്കുകയാണ്. കിരണ്‍കുമാറിന്റെ ഭാര്യ കൊല്ലം നിലമേല്‍ സ്വദേശിനിയായ 24കാരി ആയുര്‍വേദ ഡോക്ടര്‍ വിദ്യാര്‍ഥിനിക്കാണ് ഭര്‍ത്താവില്‍നിന്നുള്ള നിരന്തര പീഡനംമൂലം 2021 ജൂണ്‍ 21ന് ജീവനൊടുക്കേണ്ടിവന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ഏല്‍ക്കേണ്ടിവന്ന കഠിനപീഡന പര്‍വത്തിനൊടുവില്‍ യാതൊരുനിലക്കും നില്‍ക്കള്ളിയില്ലാതെ അവള്‍ മരണത്തെ പുല്‍കുകയായിരുന്നു. സ്ത്രീപീഡനം, സ്ത്രീധനനിരോധനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളില്‍ യഥാക്രമം പത്തുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും, ആറു വര്‍ഷം തടവും പത്തുലക്ഷം പിഴയും, രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയും എന്നീ ശിക്ഷകളാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പത്തുവര്‍ഷം മാത്രം ജയിലില്‍ കിടന്നാല്‍ മതിയാകും. 12.55 ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതില്‍നിന്ന് വ്യക്തമാകുന്നത് കുറ്റം ആരുതന്നെ ചെയ്താലും രാജ്യത്തെ നിയമങ്ങളുടെ ചുവടുപിടിച്ച് കുറ്റവാളിയെ ശിക്ഷിക്കാനാകുമെന്ന വസ്തുതയാണ്.

ഇതോടെ വിസ്മയയെ പോലെ കേസും മണ്‍മറഞ്ഞുപോകുകയോ ഒരുപക്ഷേ കുറച്ചുകാലംകൂടി വ്യവഹാരങ്ങളിലൂടെ നിലനില്‍ക്കുകയോ ചെയ്‌തേക്കാം. എന്നാല്‍ പ്രസ്തുത ദാരുണസംഭവം വരുത്തിവെച്ച കേരളീയ സമൂഹത്തിനുള്ള നാണക്കേട് മറച്ചുവെക്കാനൊരിക്കലും കഴിയില്ല. സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീപീഡനങ്ങളും കേസുകളും വിവാഹമോചനങ്ങളും പൊതുസമൂഹത്തിന്റെ ഭാഗമായിട്ട് നാളേറെയായി. മുമ്പൊന്നുമില്ലാത്ത തരത്തിലാണ് ഇത്തരം കേസുകളുടെ അടുത്ത കാലത്തായുള്ള ആധിക്യം. അതിന് കാരണം മുമ്പെന്നത്തേക്കാളുപരി സമൂഹം പണത്തിന്റെയും ആര്‍ഭാടത്തിന്റെയും പിന്നാലെ പരക്കംപായുന്നതാണ്. മുന്‍കാലങ്ങളില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ചെലവിലും ചൊല്‍പടിക്കും അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീയല്ല ആധുനിക മലയാളവനിത. നാടിന്റെ പുരോഗതിക്കനുസരിച്ച് വിദ്യാഭ്യാസവും അറിവും ആര്‍ജിക്കാനും അരുതായ്മകളെ ചെറുക്കാനും അവള്‍ക്കിന്ന് കഴിയുന്നു. അതിന്റെ പ്രതികരണമാണ് പീഡനമായി നമ്മുടെയെല്ലാം മുന്നിലെത്തുന്നത്. വിസ്മയ കേസ് ഇത്തരത്തില്‍ നോക്കുമ്പോള്‍ ഇന്നത്തെ സ്ത്രീ കേരളത്തിന്റെ തനിപ്പകര്‍പ്പാണെന്ന് പറയേണ്ടിവരും. മരണം പരിഹാരമല്ലെന്നറിഞ്ഞിട്ടും എത്രയെത്ര പെണ്‍കുട്ടികളാണ് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യയില്‍ അഭയംതേടുന്നത്. ഇതിനുപിന്നിലെന്താണെന്ന് പച്ചയ്ക്ക് പറഞ്ഞുതരികയാണ് കിരണ്‍ബാബുവും വിസ്മയയും.’സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍’ 100 പവനും ഒരേക്കറിലധികംഭൂമിയും ആഢംബരകാറും ആവശ്യപ്പെട്ടാണ് കിരണും ബന്ധുക്കളും വിസ്മയയുടെ വീട്ടുകാരെ സമീപിച്ചതും അവരാ ബന്ധത്തിന് സമ്മതിച്ചതും. കോവിഡ് കാലമായതിനാല്‍ പക്ഷേ വാഗ്ദാനം പൂര്‍ണമായും പാലിക്കാനവര്‍ക്ക് കഴിഞ്ഞില്ല. പകരം 70 പവനും ഭൂമിയും പത്തു ലക്ഷത്തിന്റെ കാറും മാത്രമാണ് നല്‍കിയത്. വിവാഹസമ്മാനമെന്ന ഓമനപ്പേരില്‍ നല്‍കിയ കാര്‍ പോരാഞ്ഞ് നിരന്തരം കിരണ്‍ ഭാര്യയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞത്. 507 പേജുള്ള കുറ്റപത്രം തയ്യാറാക്കാനായി പൊലീസ് കിരണും വിസ്മയയും പലരോടും സംസാരിച്ച ശബ്ദസാമ്പിളുകളും ശേഖരിച്ചു. അതിലൊന്നില്‍ വിസ്മയ സ്വന്തം വീട്ടുകാരെ വിളിച്ച് തന്നെ രക്ഷിക്കണമെന്ന് കേഴുന്നുണ്ട്. ‘ഞാനിവിടെനിന്നാല്‍ പിന്നെ എന്നെ കാണത്തില്ല’ എന്ന് കരഞ്ഞുപറയുന്ന ഏകമകളുടെ സ്വരം കേട്ട് പിതാവ് ത്രിവിക്രമന്‍നായര്‍ ചെയ്തത് സത്യത്തില്‍ കേരളീയരായ നമ്മില്‍ പലരും ചെയ്യുന്നതായിരുന്നു. അതെല്ലാം ദേഷ്യംവരുമ്പോള്‍ ചെയ്യുന്നതാണെന്നും കടിച്ചുപിടിച്ചുനില്‍ക്കൂ എന്നുമാണ് പിതാവ് മിഥ്യാഭിമാനത്താല്‍ മരണവക്കിലെത്തിനില്‍ക്കുന്ന മകളോട് ഉപദേശിച്ചത്. ഫലമോ ഏതാനും നാള്‍ക്കകംതന്നെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മകളുടെ തൂങ്ങിമരണത്തിന് സാക്ഷരകേരളത്തിന് സാക്ഷിയാകേണ്ടിവന്നു.

2018ല്‍ സ്ത്രീധനം പോരാഞ്ഞ് ഭാര്യയെ പാമ്പിനെവിട്ട് കടിപ്പിച്ചുകൊന്ന അത്യപൂര്‍വ സംഭവവും ഇതേ കൊല്ലംജില്ലയിലാണ്. എന്തും സഹിച്ച് കഴിയേണ്ടവളല്ല മകളെന്ന്ചിന്തിക്കാനും അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കാനും രക്ഷിതാക്കള്‍ക്ക് കഴിയണമെന്നതോടൊപ്പംതന്നെ മകന്റെ ധനാര്‍ത്തിയിലും പീഡനത്തിലും ഭര്‍തൃവീട്ടുകാരും തിരുത്തല്‍ശക്തിയാകണം. എല്ലാം പണം നേടിത്തരുമെന്നത് പുതിയ തലമുറയുടെ മിഥ്യാധാരണയാണ്. സ്ത്രീതന്നെയാകണം ധനം. ഗാന്ധിജി പറഞ്ഞു: സമ്പന്നനാണെന്നുവെച്ച് ഒരാള്‍ സന്തോഷവാനായിക്കൊള്ളണമെന്നില്ല; ദരിദ്രനാണെന്നുവെച്ച് ദു:ഖിതനും. വ്യക്തിയുടെ മനോനിലയും മാനുഷിക മൂല്യങ്ങളുമാണതിന് പ്രേരകമാകുന്നത്. നിയമത്തേക്കാള്‍ പുതുതലമുറയില്‍ ധാര്‍മിക മൂല്യങ്ങള്‍ കൂടുതല്‍ ഉള്‍ച്ചേര്‍ക്കുകയാണ് ഇത്തരം മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കുള്ള മറുമരുന്ന്. ഇനിയൊരു ‘വിസ്മയ’മുണ്ടാകാതിരിക്കാന്‍ എല്ലാവര്‍ക്കും ജാഗ്രത പാലിക്കാം.

Test User: