X

ദുര്‍ബലപ്പെടുന്ന പഞ്ചായത്ത് രാജ് നിയമം- പി.കെ ഷറഫുദ്ദീന്‍

പി.കെ ഷറഫുദ്ദീന്‍

ശക്തവും വിപുലവുമായ അധികാരം പകര്‍ന്നുനല്‍കുന്ന സുവ്യക്തമായ നിയമത്തിന്റെ കരുത്തിലാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലോക മാതൃകയായി വളര്‍ന്നത്. 1994ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പല്‍ ആക്ട് എന്നീ നിയമങ്ങള്‍ കൊണ്ടുവരുന്നത്‌വരെ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരിമിതമായ അധികാരം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഈ നിയമം നിലവില്‍ വന്നതോടെ പ്രാദേശിക സര്‍ക്കാര്‍ എന്ന വാക്ക് അന്വര്‍ത്ഥമായി. കൂടുതല്‍ അധികാരങ്ങളും ഫണ്ടുകളും വന്നുചേര്‍ന്നതിനൊപ്പം കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിയന്ത്രണവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലേക്ക് മാറി. പിന്നീട് വന്ന സര്‍ക്കാറുളെല്ലാം പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ നിയമത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും ചട്ടങ്ങളും കൊണ്ടുവന്നു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ ഇതിന് കോട്ടംതട്ടാന്‍ തുടങ്ങിയിരിക്കയാണ്. അധികാര കേന്ദ്രീകരണത്തിനുള്ള ശ്രമം സര്‍ക്കാര്‍ നയമായി സ്വീകരിച്ചതോടെ പ്രാദേശിക സര്‍ക്കാറുകളുടെ അധികാരം ഓരോന്നായി കവരുന്നതാണ് പിന്നീട് കണ്ടത്. അതില്‍ ഏറ്റവും ഗുരുതരവും പഞ്ചായത്ത്, മുനിസിപ്പല്‍ ആക്ടിന്റെ അടിത്തറയിളക്കുന്നതുമായ നടപടിയാണ് കൃഷി വകുപ്പ് ഇറക്കിയ പുതിയ ഉത്തരവ്.

തദ്ദേശ സ്ഥാപനങ്ങള്‍ ഏല്‍പ്പിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ജീവനക്കാരെ വിലക്കുന്ന രീതിയിലാണ് കൃഷി വകുപ്പിന്റെ ഉത്തരവ്. കൃഷിവകുപ്പ് ജീവനക്കാര്‍ക്കെതിരെ ഗ്രാമപഞ്ചായത്ത് സ്വീകരിച്ച ശിക്ഷാനടപടി അംഗീകരിക്കപ്പെടാത്ത സാഹചര്യം ഇതേതുടര്‍ന്നുണ്ടായതും ഗൗരവകരമാണ്. കൃഷി വകുപ്പിന്റെ ഈ നീക്കത്തിനെതിരെ സര്‍ക്കാര്‍ തുടരുന്ന നിസ്സംഗത രണ്ട് സുപ്രധാന ആക്ടുകളുടെയും നിലനില്‍പ്പില്‍തന്നെ ആശങ്ക ഉയര്‍ത്തുന്നതാണ്. കേരള പഞ്ചായത്ത്‌രാജ് ആക്ട്, കേരള മുനിസിപ്പല്‍ ആക്ട് എന്നിവ പ്രാദേശിക സര്‍ക്കാറുകള്‍ക്ക് നല്‍കുന്ന ശക്തമായ അധികാരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായാണ് നിയമവിദഗ്ധര്‍ ഇപ്പോഴത്തെ നീക്കത്തെ കാണുന്നത്.

കൃഷി വകുപ്പിന് കീഴിലുള്ള ജീവനക്കാരെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നത് വിലക്കി 2021 നവംബര്‍ 11നാണ് സ.ഉ (സാധാ) നം 900/2021/കൃഷി നമ്പറായി ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ സര്‍വെ, അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ എന്നിവയില്‍നിന്നും കൃഷി വകുപ്പ് ജീവനക്കാര്‍ വിട്ടുനില്‍ക്കുകയാണ്. സര്‍ക്കാറിന്റെ പ്രധാന പദ്ധതികളായി ഉയര്‍ത്തിക്കാണിക്കുന്ന ലൈഫ് പദ്ധതി, അതിദരിദ്ര സര്‍വെ എന്നിവ താളംതെറ്റിയിട്ട് പോലും നിസ്സംഗത വെടിഞ്ഞ് ഇടപെടാന്‍ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ തയ്യാറായിട്ടില്ല. 2021 നവംബര്‍ 20നകമാണ് ലൈഫ് സര്‍വെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. പിന്നീട് അത് ഡിസംബര്‍ 31 വരെ നീട്ടി. എന്നാല്‍ കൃഷി വകുപ്പ് വിട്ടുനില്‍ക്കുന്നത്മൂലം 64.85 ശതമാനം അപേക്ഷകരുടെ പരിശോധന മാത്രമെ ഇതിനകം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുള്ളു. അതിദരിദ്ര സര്‍വെ പ്രക്രിയയും പലയിടത്തും താളംതെറ്റിയിട്ടുണ്ട്. കൃഷി വകുപ്പ് ജീവനക്കാര്‍ വിട്ട്‌നില്‍ക്കുന്നത്മൂലം ഈ ചുമതല മറ്റ് ജീവനക്കാര്‍ക്ക് മാറ്റിനല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറായിട്ടില്ല. കൃഷി വകുപ്പിന് വഴങ്ങി ചുമതല മാറ്റി നല്‍കിയാല്‍ പിന്നീട് മറ്റു വകുപ്പുകളും ഇതേ രീതിയില്‍ ചിന്തിക്കുമെന്ന ആശങ്കയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ളത്. ഇതിനാല്‍തന്നെ ഏല്‍പ്പിക്കപ്പെട്ട ചുമതല അവര്‍തന്നെ നിര്‍വഹിക്കണമെന്ന് നിലപാടാണ് ഭരണ സമിതികള്‍ക്കുള്ളത്.

‘പഞ്ചായത്തിലേക്ക് വിട്ടുകൊടുത്ത (സ്ഥാപനങ്ങളിലെ) സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരോ ജീവനക്കാരോ ആ പഞ്ചായത്തിന്റെ ഉദ്യോഗസ്ഥന്‍മാരോ ജീവനക്കാരോ ആയിരുന്നാലെന്നപോലെ, അവരുടെ സാധാരണ ചുമതലകള്‍ക്ക്പുറമെ പഞ്ചായത്ത് അവര്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്ന ബന്ധപ്പെട്ട മറ്റു ചുമതലകളും വഹിക്കേണ്ടതാണെന്നും അവര്‍ ഈ ആക്‌ടോ മറ്റേതെങ്കിലും നിയമപ്രകാരമോ കല്‍പ്പിച്ചുകൊടുക്കുകയോ ഏല്‍പ്പിച്ചു കൊടുക്കുകയോ ചെയ്തിട്ടില്ലാത്ത സര്‍ക്കാറിന്റെ ഏതെങ്കിലും സ്‌കീമോ പദ്ധതിയോ പ്ലാനോ നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള പണികള്‍ ചെയ്യുന്നതിന് ബാധ്യസ്ഥരായിരിക്കുന്നതാണെന്നും കേരള പഞ്ചായത്ത് രാജ് ആക്ടിലെ 181 ാം വകുപ്പ് 4, 5 ഉപവകുപ്പ് വ്യക്തമാക്കുന്നുണ്ട്. ‘ഗ്രാമ പഞ്ചായത്തുകള്‍ക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും പഞ്ചായത്തിന്റെ പൂര്‍ണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പഞ്ചായത്തിന്റെ അധികാര പരിധിയില്‍വരുന്ന കാര്യങ്ങള്‍ക്ക്‌വേണ്ടി പഞ്ചായത്ത് നിശ്ചയിക്കുന്ന പ്രകാരമുള്ള അധികാരങ്ങളും ചുമതലകളും വിനിയോഗിക്കേണ്ടതാണ്’ എന്ന് പഞ്ചായത്ത് രാജ് ചട്ടത്തിലും (2) വ്യക്തമാക്കുന്നുണ്ട്.

ഇത്പ്രകാരം നാളിതുവരെ തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിച്ചുനല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കൈമാറികിട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍വഹിച്ചു വന്നിരുന്നതാണ്. ഇടക്ക് ചിലയിടങ്ങളില്‍ ഇതിന് താളപ്പിഴ വന്നപ്പോള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് തടസമാകുന്ന തരത്തില്‍ ഘടക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മേലധികാരികള്‍ ഉത്തരവിറക്കുന്നത് വിലക്കി കൊണ്ട് 2018 ഫെബ്രുവരി 19 ന് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ‘പഞ്ചായത്തിന്റെ ഏത് ചുമതലകളും പഞ്ചായത്തിലേക്ക് കൈമാറിയ സ്ഥാപനങ്ങളിലെ ഏത് ഉദ്യോഗസ്ഥനും പ്രവര്‍ത്തന മേഖല പരിഗണിക്കാതെ ഏല്‍പ്പിച്ചു നല്‍കാവുന്നതാണെന്ന് പഞ്ചായത്ത് രാജ് ആക്ട് വ്യക്തമാക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പഞ്ചായത്ത് രാജ് ആക്ട്/ ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള അധികാരങ്ങളുടെ ഉദ്ദേശശുദ്ധി മനസിലാക്കി അധികാര വികേന്ദ്രീകരണ പ്രക്രിയക്ക് യാതൊരു വിഘാതവും സൃഷ്ടിക്കാത്ത തരത്തില്‍ മാത്രമെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ മേലാധികാരികള്‍ ഉത്തരവിറക്കാവു’ എന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം നിലനില്‍ക്കെ കൃഷി വകുപ്പ് നടത്തിയ ധിക്കാര നടപടി തിരുത്താത്തത് ആശ്ചര്യമുളവാക്കുന്നതാണ്.

ചുമതല നിര്‍വഹിക്കാത്ത കൃഷി വകുപ്പിലെ ജീവനക്കാരെ തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സസ്‌പെന്റ് ചെയ്തിരുന്നു. ‘ചട്ടങ്ങള്‍ക്ക് വിധേയമായി, കൈമാറികിട്ടിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥനും ജീവനക്കാരനും എതിരെ ലഘുശിക്ഷകള്‍ ചുമത്താന്‍ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണെന്ന് ‘കേരള പഞ്ചായത്ത് രാജ് ആക്ടിലെ 181 വകുപ്പ് ഉപവകുപ്പ് 3 വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ ആക്ട് പ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ച നടപടി അംഗീകരിക്കാന്‍ കൃഷി വകുപ്പ് തയ്യാറായിട്ടില്ല. ഇതേതുടര്‍ന്ന് കൃഷി വകുപ്പ് നടപടിക്കെതിരെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്.

കര്‍ഷകര്‍ക്കുള്ള കൃഷി വിജ്ഞാന വ്യാപന പ്രവൃത്തി, കൃഷി നാശത്തിന്റെ നഷ്ടപരിഹാരം, ശീതകാല പച്ചക്കറി കൃഷി, കേരഗ്രാമം, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും വിവിധ പദ്ധതികള്‍ എന്നിവ നടപ്പാക്കാനുള്ള കാരണം പറഞ്ഞാണ് കൃഷി വകുപ്പ് വിവാദ ഉത്തരവിറക്കിയത്. ഈ പദ്ധതികളെല്ലാം മുന്‍കാലങ്ങളിലും അവര്‍ നടത്തി വന്നിരുന്നതാണ്. ഒപ്പം തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന ചുമതലകളും നിര്‍വഹിച്ചിരുന്നു. കൃഷി വകുപ്പ് ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ മറ്റു വകുപ്പുകളും ഇതേ മാതൃകയില്‍ ഉത്തരവിറക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കുളമ്പുരോഗ പ്രതിരോധ നടപടിയുടെ പേര് പറഞ്ഞ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ ഇതിനകം തന്നെ പലയിടത്തും അതിദരിദ്ര നിര്‍ണ്ണയ പ്രക്രിയയില്‍നിന്നും മാറിനില്‍ക്കുന്നുണ്ട്.

ഈ വിഷയത്തെ കൃഷി വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും തമ്മിലുള്ള നിസാര പ്രശ്‌നമായി മാത്രമാണ് സര്‍ക്കാര്‍ സമീപിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് ചീഫ് സെക്രട്ടറി ഡിസംബര്‍ 4ന് കലക്ടര്‍മാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചിരുന്നു. യോഗത്തില്‍ അതിദരിദ്ര സര്‍വെ, ലൈഫ് സര്‍വെ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാമെന്ന് കൃഷി വകുപ്പ് സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കാത്തത്മൂലം ഇത് പ്രാവര്‍ത്തികമായില്ല. ഇതേതുടര്‍ന്ന് തദ്ദേശ വകുപ്പ് വിഷയം മുഖ്യമന്ത്രിക്ക് വിട്ടു. അതോടൊപ്പം കൃഷിവകുപ്പ് കൈകാര്യംചെയ്യുന്ന സി. പി.ഐയും തദ്ദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.എമ്മും തമ്മിലുള്ള തര്‍ക്കമായി ഇത് വളര്‍ന്നതോടെ മുഖ്യമന്ത്രിയും തീരുമാനമെടുക്കാന്‍ തയ്യാറായില്ല.

ആക്ട് ദുര്‍ബലപ്പെടുന്നതിനൊപ്പം കൃഷിവകുപ്പിന്റെ നീക്കം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും താളം തെറ്റിക്കും. ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവനം ലഭ്യമാകാതെ വന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെ തന്നെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയോഗിക്കേണ്ടി വരും. നിലവില്‍ തന്നെ നിരവധി അധിക പ്രവര്‍ത്തനങ്ങളും ചുമതലകളും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഏറ്റെടുക്കേണ്ടി വരുന്നുണ്ട്. ജീവനക്കാരുടെ കുറവ് മൂലം വീര്‍പ്പ്മുട്ടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. അതിനിടെ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവനം ലഭ്യമാവാതെ കൂടി വന്നാല്‍ ഓഫീസ് പ്രവര്‍ത്തനം തന്നെ നിശ്ചലമാകും.

മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും എടുത്ത് മാറ്റിയ നടപടിയിലൂടെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ പഞ്ചായത്ത് രാജിനെ ദുര്‍ബലപ്പെടുത്തുന്ന നടപടി ആരംഭിച്ചത്. നവകേരളന്റെ മിഷന്റെ ഭാഗമായി പ്രഖ്യാപിച്ച ഹരിത കേരള മിഷന്‍, ലൈഫ് മിഷന്‍, പൊതുവിദ്യാലയ സംരക്ഷണ യജ്ഞം, ആര്‍ദ്രം എന്നീ മിഷനുകളും തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തിലേക്കാണ് കടന്നുകയറിയത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളിലൊന്നും ഗ്രാമസഭകളുടെ അധികാരവുമായിരുന്ന ഭവന പദ്ധതി ഗുണഭോക്താക്കളെ നിശ്ചയിക്കല്‍ ലൈഫ് പദ്ധതിയിലൂടെ സര്‍ക്കാറില്‍ കേന്ദ്രീകരിക്കപ്പെട്ടു. പദ്ധതി തുക ഏതെല്ലാം മേഖലകളിലേക്കും വിഭാഗങ്ങളിലേക്കും ചെലവഴിക്കണമെന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പ്രാദേശിക ആസൂത്രണ പ്രക്രിയയും പ്രഹസനമായി. വികേന്ദ്രികരണ പ്രക്രിയയുടെ സുപ്രധാന ഘടകമായ അയല്‍സഭകളെയും വാര്‍ഡ് വികസന സമിതികളെയും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളെയും നിരുത്സാഹപ്പെടുത്തുന്ന നയവും സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ആക്ടിന്റെ അടിത്തറയിളക്കുന്ന നിലപാടുമായി സര്‍ക്കാര്‍ നീങ്ങുന്നത്.

Test User: