X

ബി.ജെ.പിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും :കോടിയേരി ബാലകൃഷ്ണന്‍

കാസര്‍ഗോഡ്: ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതായി മലയാളം ന്യൂസ് ചാനല്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടു ചെയ്തു.

ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യും. ബിജെപിയെ പുറത്താക്കാനുള്ള എല്ലാവസരവും വിനിയോഗിക്കുമെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍ വോട്ടു ചെയ്യുക എന്നതിനപ്പുറം കോണ്‍ഗ്രസുമായി യാതൊരു വിധ തെരഞ്ഞെടുപ്പ് ധാരണയും ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തവര്‍ഷം നടക്കാനാരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ വിശാലസഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന് പിന്തുണ നല്‍കണോ എന്നതില്‍ ശക്തമായ ചര്‍ച്ച സി.പി.എമ്മിനുള്ളില്‍ നടക്കുകയാണെന്ന ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെയാണ് കോടിയേരിയുടെ പ്രസ്താവന.

വയല്‍ക്കിളി സമരസമിതി പ്രവര്‍ത്തകന്‍ സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് വിഷയത്തിലും കോടിയേരി പ്രതികരിച്ചു. സര്‍ക്കാറിനെതിരായ രാഷ്ട്രീയ കുതന്ത്രമാണിതെന്ന് അദ്ദേഹത്തിന്റെ ആദ്യപ്രതികരണം. സമരത്തിന്റെ പേരു പറഞ്ഞ് കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ, മാവോയിസ്റ്റ് എന്നിവരാണ് കീഴാറ്റൂരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനെ ചെറുക്കും. കീഴാറ്റൂരില്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയാറായവരെപ്പോലും പിന്തിരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ബൈപാസിന് അലൈന്‍മെന്റ് തീരുമാനിച്ചത് ഹൈവേ അതോറിറ്റിയാണ്. ഇതിന് ഭൂമി ഏറ്റെടുത്തു നല്‍കുക എന്ന ഉത്തരവാദിത്വം മാത്രമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാത്രിയോടെയാണ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അതേസമയം, സന്തോഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചിട്ടില്ലെന്ന് ബി.ജെ.പി പറഞ്ഞു. സമരത്തിനൊപ്പമാണെന്നും ബി.ജെ.പി വ്യക്തമാക്കി.

chandrika: