ബ്യൂണസ് അയേഴ്‌സ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അര്‍ജന്റീനാ ടീമിലേക്കുള്ള മടങ്ങിവരവിനെപ്പറ്റി നിലപാട് വ്യക്തമാക്കി കോച്ച് ലയണല്‍ സ്‌കലോനി. ജൂണില്‍ ബ്രസീലില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ടീമില്‍ മെസ്സിയെ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ദേശീയ കുപ്പായം വീണ്ടുമണിയുന്ന കാര്യത്തില്‍ മെസ്സിയുമായി സംസാരിച്ചു വരികയാണെന്നും സ്‌കലോനി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റതിനു ശേഷം മെസ്സി അര്‍ജന്റീനക്കു വേണ്ടി കളിച്ചിട്ടില്ല.
‘കോപക്കുള്ള ആദ്യ ലിസ്റ്റ് തയ്യാറാക്കുന്നത് മാര്‍ച്ചിലാണ്. അതിനുമുമ്പ് മെസ്സിയുമായി സംസാരിക്കും. ശരിയായ സമയത്താവും ഞങ്ങള്‍ സംസാരിക്കുക. മെസ്സി ടീമിനൊപ്പമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാറ്റിനുമുപരി അദ്ദേഹം സന്തോഷവാനായിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.’ സ്‌കലോനി പറഞ്ഞു. കരുത്തരായ കൊളംബിയ, പാരഗ്വായ്, അതിഥികളായ ഖത്തര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന കോപ അമേരിക്ക കളിക്കുക.
മെസ്സി കോപ അമേരിക്കയില്‍ കളിക്കണമെന്നാണ് ആഗ്രഹമെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ പറഞ്ഞു: ‘മെസ്സിയും എല്ലാ നല്ല കളിക്കാരും ബ്രസീലിലേക്ക് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മികച്ച കളിക്കാരുള്ള ടീമുകളെ മറികടക്കുമ്പോഴേ ഒരു ടീം മികച്ചതാവുകയുള്ളൂ. നെയ്മര്‍, മെസ്സി, അലക്‌സി സാഞ്ചസ്, ലൂയിസ് സുവാരസ്, പൗളോ ഗ്വറേറോ തുടങ്ങിയ മികച്ച കളിക്കാര്‍ കോപ കളിക്കാനുണ്ടാകുമെന്ന് വിശ്വസിക്കുന്നു’ – ടിറ്റെ പറഞ്ഞു.