കരിപ്പൂർ വിമാനത്താവളത്തിൽ റെസ സജ്ജീകരിക്കപ്പെടുന്നതോടെ മാത്രമേ വൻവിമാന സർവീസ് പുനരാരംഭിക്കാൻ സാഹചര്യം ലഭ്യമാവുകയുള്ളൂവെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ ഡോ. വിജയകുമാർ സിങ്, ഈ വിഷയം പാർലിമെൻ്റിൽ ഉന്നയിച്ചതിനുള്ള മറുപടിയിൽ ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപിയെ അറിയിച്ചു.
വൻ വിമാന സർവീസ് പുനരാരംഭിക്കാൻ വൈകുന്നതിനാൽ യാത്രക്കാർ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി അത് പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടതിന് നൽകിയ മറുപടിയിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വിശദമായ പ്രതികരണം.
റെസ സജ്ജമാക്കേണ്ടത് സുരക്ഷയോടെ വൻവിമാന സർവ്വീസ് പുനരാരംഭിക്കാൻ അനിവാര്യമാണെന്ന വ്യവസ്ഥ വിദഗ്ധ സമിതിയുടെ ശുപാർശയാണെന്ന് മന്ത്രി പറഞ്ഞു. എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്ന് നിയമിക്കപ്പെട്ടതാണ് വിദഗ്ധസമിതി. അപകടത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷ ഉറപ്പുവരുത്തിയുള്ള വിമാന സർവീസ് എന്ന കാര്യവും കമ്മിറ്റിയെ ചുമതല ഏൽപ്പിച്ച വിഷയങ്ങളിൽപ്പെട്ടതാണ്.
എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) വിമാനാപകടത്തെക്കുറിച്ച് അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ഈ വിദഗ്ധ സമിതിയെ നിയോഗിച്ചതെന്നും മന്ത്രി വിശദീകരിച്ചു. വൻവിമാന സർവീസ് തുടങ്ങാൻ വേണ്ടിയാണ് വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരം എയർപോർട്ട് അഥോറിറ്റി ഓഫ് ഇൻഡ്യ റെസ നിർമാണത്തിന് മുന്നിട്ടിറങ്ങിയത്. അതനുസരിച്ചാണ് റൺവേയുടെ രണ്ടറ്റത്തുമായി 240 മീറ്റർ വരുന്ന റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നിർമ്മിക്കാനാവശ്യമായ 14.5 ഏക്കർ സ്ഥലം ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായത്.2016ൽ നിലവിൽ വന്ന ദേശീയ സിവിൽ ഏവിയേഷൻ നയപ്രകാരം വിമാനത്താവളങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഭൂമി ലഭ്യമാക്കൽ സംസ്ഥാന സർക്കാരുകളുടെ ബാധ്യതയാണ്. കരിപ്പൂരിൽ വൻവിമാന സർവ്വീസ് നടത്താൻ ഉദ്ദേശിച്ചുകൊണ്ടാണ് റെസക്ക് ആവശ്യമായ മണ്ണ് നിരപ്പാക്കൽ പ്രവൃത്തിയുടെ ചിലവ് ഏറ്റെടുക്കാൻ എയർപോർട്ട് അഥോറിറ്റി തയ്യാറായത്. അതനുസരിച്ച് 484.57 കോടി രൂപയുടെ ഭരണാനുമതിയും റെസ നിർമാണത്തിനായി നൽകിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.