X
    Categories: CultureMoreViews

സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയിലേക്ക്

ബെംഗളൂരു: എന്തുവന്നാലും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പിക്കൊപ്പം ചേരുമെന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് നേതാവ് ഡി.ശിവകുമാര്‍ രംഗത്തെത്തി. തങ്ങളുടെ എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു. എം.എല്‍.എമാരെ രാജിവെപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സാഹചര്യം വന്നതോടെ രാഷ്ട്രീയ കുതിരക്കച്ചവടവുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തി. പണവും പദവിയും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതിനിടെ ഒരു സ്വതന്ത്ര എം.എല്‍.എ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടി എം.എല്‍.എ ആര്‍. ശങ്കര്‍ ആണ് ബി.ജെ.പിക്ക് പിന്തുണ അറിയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ അറിയിച്ച് ശങ്കര്‍ ബി.എസ് യെദിയൂരപ്പയെ വീട്ടില്‍ പോയി കണ്ടു.

കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടിയുടെ നേതാവായ ശങ്കര്‍ റാണിബെന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. നിലവില്‍ 104 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകള്‍ വേണം. ശങ്കര്‍ പിന്തുണ നല്‍കിയതോടെ ഇനി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് ഏഴ് അംഗങ്ങളുടെ പിന്തുണ കൂടി കിട്ടിയാല്‍ മതിയാകും.

അതിനിടെ ഗവര്‍ണറോട് രണ്ട് ദിവസത്തെ സാവകാശം ആവശ്യപ്പെട്ട ബി.ജെ.പി പണവും പദവിയും വാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ്. തനിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പിയില്‍ നിന്ന് വിളി വന്നതായി കോണ്‍ഗ്രസ് എം.എല്‍.എ അമരഗൗഡ ലിംഗനഗൗഡ പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: