X
    Categories: Newsworld

പ്രതിരോധ മന്ത്രിയിലുള്ള വിശ്വാസം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു; യൊവ് ഗാലന്റിനെ പുറത്താക്കി നെതന്യാഹു

ഇസ്രാഈല്‍ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് യൊആവ് ഗാലന്‍റിനെ പുറത്താക്കി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. നിലവിലെ വിദേശകാര്യ മന്ത്രി ഇസ്രാഈല്‍ കാറ്റ്സ് ആണ് പുതിയ പ്രതിരോധ മന്ത്രി. കാറ്റ്സിന് പകരം ഗിദിയോൻ സാർ പുതിയ വിദേശകാര്യ മന്ത്രിയാകും.

ഗാലന്‍റിന്‍റെ വിശ്വാസ്യതക്ക് കോട്ടം തട്ടിയെന്നും അദ്ദേഹത്തിന് നിരവധി വീഴ്ചകൾ സംഭവിച്ചെന്നും നെതന്യാഹു വ്യക്തമാക്കി. ഗസ്സയിലും ലബനാനിലും യുദ്ധങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് താനും ഗാലന്‍റും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രാഈലിന്‍റെ സുരക്ഷക്കായി ഇനിയും നിലകൊള്ളുമെന്നും അതാണ് തന്‍റെ ജീവിത ദൗത്യമെന്നും യൊആവ് ഗാലന്‍റ് എക്സിലൂടെ പ്രതികരിച്ചു.

അതേസമയം, ഗസ്സക്കു പിന്നാലെ ലബനാനിലും കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രാഈൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മുന്നറിയിപ്പുമായി യൊആവ് ഗാലന്‍റ് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇസ്രാഈലിന്‍റെ യുദ്ധ തന്ത്രങ്ങൾക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങൾ പുതുക്കി നിശ്ചയിക്കണമെന്നും രഹസ്യ കത്തിൽ പറയുന്നു. ‘ചാനൽ 13’ പുറത്തുവിട്ട കത്തിലെ വിവരങ്ങൾ വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

ഇറാനിൽ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷ മന്ത്രിസഭക്കും ഗാലന്‍റ് രസഹ്യ കത്ത് അയച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകൾ കത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇസ്രാഈലിനുള്ള ഭീഷണികൾ വർധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങൾക്ക് വേഗമില്ല. ഇത് മന്ത്രിസഭാ തീരുമാനങ്ങൾ പാളുന്നതിനു കാരണമാകുമെന്നും ഗാലന്റ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

യുദ്ധത്തിൽ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിർണയിക്കാതെ മുന്നോട്ടു പോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂർച്ഛിക്കുന്ന സംഘർഷാവസ്ഥ ബഹുതലങ്ങളിൽ നിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും ഗാലന്റ് സൂചിപ്പിച്ചു.

ഓരോ യുദ്ധമുന്നണിയിലും വ്യത്യസ്ത യുദ്ധ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്നും ഗാലന്‍റ് പറയുന്നു. ഗസ്സയിൽ ഭീഷണികളില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയും ഭീകരവാദികളുടെ വളർച്ച നിർത്തലാക്കുകയും വേണമെന്ന് കത്തിലുണ്ട്. എല്ലാ ബന്ദികളുടെയും മടക്കം സുരക്ഷിതമാക്കണം. ഹമാസിനു ബദലായി ഒരു സിവിലിയൻ സർക്കാർ മാതൃക വളർത്തിക്കൊണ്ടു വരണമെന്നും ഗാലന്‍റ് നിർദേശിച്ചു.

ലബനാൻ അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കി ജനത്തെ താമസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരണം. ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാക്കാതിരിക്കാൻ ശക്തമായ പ്രതിരോധം തുടരണം. വെസ്റ്റ് ബാങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൂടെ അക്രമസമാധ്യതകൾ അടിച്ചമർത്തണമെന്നും ഗാലന്റ് കത്തിൽ പറയുന്നു.

webdesk13: