X

ഗൗരി ലങ്കേഷ് വധം: പ്രതികളെ കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി

ബംഗളൂരു: വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി. ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ഗൗരി ലങ്കേഷ് സെപ്തംബര്‍ അഞ്ചിന് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിക്കു പുറത്തു വെച്ചാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകാനുള്ളതിനാല്‍ വ്യക്തമായ വിവരം ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ലെന്നും റെഡ്ഢി പറഞ്ഞു. ഇതു രണ്ടാം തവണയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ആഭ്യന്തര മന്ത്രി അറിയിക്കുന്നത്. നേരത്തെ സെപ്തംബര്‍ ഒമ്പതിന് എസ്.ഐ.ടിക്ക് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അക്രമികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതേ സമയം ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി നിയോഗിച്ച എസ്.ഐ.ടി സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തങ്ങള്‍ക്ക് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും താമസിയാതെ പ്രതികളെ പിടികൂടാനാവുമെന്നും എസ്.ഐ.ടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് 500ല്‍ അധികം പേരെ എസ്.ഐ.ടി ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ 60 മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുള്ള ഫോണ്‍കോളുകളും സംഘം പരിശോധിച്ചിട്ടുണ്ട്. ഇതിനു പുറമെ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട രാജരാജേശ്വരി നഗറിലെ മുഴുവന്‍ സി.സി.ടി.വി ക്യാമറകളും സംഘം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. 7.65 എം.എം തോക്കാണ് ഗൗരിയെ വധിക്കാനായി ഉപയോഗിച്ചതെന്ന് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ദാബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരെ വധിക്കാനുപയോഗിച്ച അതേ രീതിയാണ് ഗൗരി ലങ്കേഷിന്റെ വധത്തിനും ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. കര്‍ണാടക സര്‍ക്കാറാണ് ഗൗരി ലങ്കേഷിന്റെ വധം അന്വേഷിക്കുന്നതിനായി ഇന്റലിജന്‍സ് ഐ.ജി.പി ബി.കെ സിങിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. കൊലപാതകികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എസ്.ഐ.ടി 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഹിന്ദുത്വ സംഘങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദമാക്കുന്നതിന്റെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗൗരിയുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ട്വിറ്റര്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നിരുന്നു. ഇവരില്‍ ചിലര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നവരാണ്. അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി തുടരുന്ന മൗനത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് സുഹൃത്തും സിനിമാ താരവുമായ പ്രകാശ് രാജ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. താന്‍ അഞ്ചു പ്രാവശ്യം ദേശീയ പുരസ്‌കാരം നേടിയതിനേക്കാളും അതിന് അര്‍ഹര്‍ പ്രധാനമന്ത്രിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇരുവരും തന്നെക്കാളും വലിയ അഭിനേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

chandrika: