ന്യൂഡല്‍ഹി: തെന്നിന്ത്യയിലെ സൂപ്പര്‍ താരവും രാഷ്ട്രീയ നേതാവുമായ ഖുശ്ബു സുന്ദര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ പോയതായ വാര്‍ത്തകള്‍ക്കിടെ പരിഹാസ ട്വീറ്റുമായി കാര്‍ത്തി ചിദംബരം.
പഴയ ട്വീറ്റുകള്‍, ടിവി സംവാദങ്ങള്‍, പത്രസമ്മേളനങ്ങള്‍ എന്നിവയ്ക്കുള്ള കുത്തിപ്പൊക്കലുകള്‍ക്കായി സമയം കളയരുത്. നമ്മള്‍ക്ക് കൂടുതല്‍ മികച്ച കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നായിരുന്നു, പാര്‍ട്ടി പ്രവര്‍ത്തകരോടായുള്ള കാര്‍ത്തിയുടെ നിര്‍ദ്ദേശം.
ആറ് വര്‍ഷത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊടുവിലാണ് നടി ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ബിജെപിക്കും സംഘ്പരിവാറിനുമെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്ന ആള്‍ കൂടിയായിരുന്നു ഖുശ്ബു. ബിജെപിയിലേക്ക് ചാടുകയാണെന്ന ആഭ്യൂഹങ്ങള്‍ക്കിടെ നടിയുടെ പഴയ ട്വീറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതിനിടെയാണ്, കാര്‍ത്തി ചിദംബരത്തിന്റെ പ്രതികരണം വന്നത്.
പ്രിയപ്പെട്ടവരെ ഇന്ന് തിങ്കളാഴ്ച, രാവിലെതന്നെ പഴയ ട്വീറ്റുകള്‍, ടിവി സംവാദങ്ങള്‍, പത്രസമ്മേളനങ്ങള്‍ എന്നിവയ്ക്കായി ആര്‍ക്കൈവുകള്‍ നോക്കി സമയം കളയരുത്. നമ്മള്‍ക്ക് കൂടുതല്‍ മികച്ച കാര്യങ്ങള്‍ ചെയ്യാനുണ്ട്, കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ്, തമിഴ്‌നാട് കോണ്‍ഗ്രസ്, ഐടി സെല്‍ പ്രവര്‍ത്തകര്‍ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്.
തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ ഖുശ്ബു 2010ല്‍ ഡിഎംകെയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ഡിഎംകെ അധികാരത്തിലുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് 2014ലാണ് ഇവര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസ് പ്രവേശന പ്രഖ്യാപനം. തനിക്കിപ്പോഴാണ് വീട്ടിലേക്കെത്തിയതെന്ന് അനുഭവപ്പെടുന്നതെന്നും ജനങ്ങള്‍ക്ക് നല്ലത് ചെയ്യാനുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നുമായിരുന്നു അന്ന് അവര്‍ പറഞ്ഞത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഖുശ്ബുവിന്റെ ബിജെപി പ്രവേശനം വീണ്ടും ചര്‍ച്ചയായത്.
ഡല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖുശ്ബു ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സി.ടി. രവിയില്‍നിന്നാണ് അവര്‍ അംഗത്വമെടുത്തത്.