X

“അല്ലാഹു ഞങ്ങള്‍ക്കൊപ്പമായിരുന്നു”; വിജയ രഹസ്യം പങ്കുവച്ച് ഇംഗ്ലീഷ് നായകന്‍

2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് കന്നി കിരീടം നേടിയ ഇംഗ്ലണ്ട് നായകന്‍ വിജയ രഹസ്യമായി പ്രതികരിച്ചത് ‘ഞങ്ങളുടെ കൂടെ അല്ലാഹു ഉണ്ടായിരുന്നു’ എന്ന്. ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്ന കലാശപ്പോരാട്ടത്തിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’ എന്ന് പറഞ്ഞത്. ‘ഈ ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡ് ഞങ്ങളേക്കാള്‍ നന്നായി കളിച്ച് വരികയായിരുന്നു. എന്നാല്‍ അല്ലാഹു ഞങ്ങള്‍ക്കൊപ്പമായിരുന്നെന്നും മോര്‍ഗന്‍ പറഞ്ഞു.

Eoin Morgan “We had Allah with us” #CWC19Final pic.twitter.com/Rfb6JdwScI— Saj Sadiq (@Saj_PakPassion) July 14, 2019

മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ ലോകകപ്പ് വിജയത്തില്‍ ഐറിഷ് ഭാഗ്യം തുണച്ചോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇംഗ്ലീഷ് നായകന്‍. അയര്‍ലന്‍ഡ് വംശജനായ മോര്‍ഗനടക്കം ലോകകപ്പ് ഫൈനല്‍ കളിച്ച ഇംഗ്ലണ്ട് ടീമിലെ ആറു താരങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതാണ് മോര്‍ഗനോട് ഐറിഷ് ഭാഗ്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിക്കാന്‍ കാരണം. എന്നാല്‍ ടീമിലെ സാംസ്‌കാരിക വൈവിധ്യം തുറന്നുകാട്ടിയായിരുന്നു മോര്‍ഗന്റെ മറുപടി.

ഇംഗ്ലണ്ട് ടീമിലെ താരങ്ങളില്‍ പലരും വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്, വ്യത്യസ്ത സംസ്‌കാരത്തില്‍ നിന്നുള്ളവരും. ഇത്തരത്തിലുള്ള ഒരു ടീമിനെ ലഭിച്ചത് തന്റെ ഭാഗ്യമാണ്. താന്‍ ആദില്‍ റഷീദിനോട് സംസാരിച്ചിരുന്നുവെന്നും അവനാണ് ഇംഗ്ലണ്ട് ടീമിനൊപ്പം തീര്‍ച്ചയായും അല്ലാഹു ഉണ്ടെന്ന് പറഞ്ഞതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

‘ഈ ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡ് ഞങ്ങളേക്കാള്‍ നന്നായി കളിച്ച് വരികയായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് എന്തോ ഭാഗ്യം കൂടെ ഉണ്ടായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിലൊക്കെ ന്യൂസിലന്‍ഡ് മികച്ച രീതിയില്‍ കളിച്ചു. ഇന്ത്യക്കെതിരായ സെമി ഫൈനലിലും ഗംഭീര പോരാട്ടം നടത്തി. ഇന്ത്യ വളരെ ശക്തമായ ടീമാണ് എന്നത് ഓര്‍ക്കണം,’ മോര്‍ഗന്‍ പറഞ്ഞു.

ഇംഗ്ലണ്ട് ടീമിനൊപ്പം ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്നു. തോല്‍വി മുന്നില്‍ കണ്ട പല ഘട്ടങ്ങളിലും ഭാഗ്യം ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ബൗണ്ടറിയുടെ എണ്ണത്തിലാണ് ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്.

അയര്‍ലന്‍ഡില്‍ ജനിച്ചയാളാണ് മോര്‍ഗന്‍. ഇംഗ്ലണ്ടിലെത്തും മുന്‍പ് അയര്‍ലന്‍ഡ് ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുമുണ്ട് താരം. ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ബെന്‍ സ്റ്റോക്ക്സ് ആണെങ്കില്‍ ന്യൂസിലന്‍ഡുകാരനാണ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജൈസണ്‍ റോയ് ജനിച്ചതാകട്ടെ ദക്ഷിണാഫ്രിക്കയിലും. മോയിന്‍ അലിയും, ആദില്‍ റഷീദും പാക് വംശജരാണ്. പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ വെസ്റ്റിന്‍ഡീസ് വംശജനും.

chandrika: