X

നമ്മളൊന്നും പഠിക്കുന്നില്ല-എഡിറ്റോറിയല്‍

പാലക്കാട് വടക്കേഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രക്കു പോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ചുണ്ടായ അപകടം അത്യന്തം ദു:ഖകരവും ഞെട്ടലുളവാക്കുന്നതുമാണ്. അഞ്ച് കുട്ടികളും ഒരു അധ്യാപകനുമടക്കം ഒന്‍പത് ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞിരിക്കുന്നത്. കേവലമൊരു റോഡപകടം മാത്രമായി സംഭവത്തെ കാണാനാവില്ല. അതിനുമപ്പുറം ഗൗരവമര്‍ഹിക്കുന്ന ഒരുപാട് ചോദ്യങ്ങളും ആശങ്കകളും ദുരന്തത്തെ വലയം ചെയ്തുനില്‍ക്കുന്നുണ്ട്. ബസിന്റെ അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞ് അധികൃതര്‍ക്ക് മാറിനില്‍ക്കാനാവില്ല. കേരളത്തിലെ റോഡുകള്‍ എത്രമാത്രം അപകടങ്ങള്‍ നിറഞ്ഞതാണെന്നുകൂടി തെളിയിക്കുന്നുണ്ട് വടക്കഞ്ചേരി ദുരന്തം. നിരന്തര നിയമലംഘനങ്ങള്‍ സംസ്ഥാനത്തെ റോഡുകളെ യുദ്ധക്കളമാക്കിമാറ്റിയിരിക്കുന്നു. റോഡില്‍ ഇറങ്ങുമ്പോള്‍ ഏത് സമയവും എന്തും സംഭവിക്കാം. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍നിന്ന് ജീവന്‍ രക്ഷപ്പെട്ടാല്‍ ഭാഗ്യമായി കണ്ടാല്‍ മതി. അത്രത്തോളം ഭീതിതമാണ് നമ്മുടെ ഗതാഗത സംവിധാനം.

പലതിനും നിയമങ്ങളുള്ള രാജ്യത്ത് വിറളിപിടിച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ മാത്രം ചട്ടങ്ങളൊന്നുമില്ലേ എന്ന് സംശയിച്ചുപോയെങ്കില്‍ അത്ഭുതപ്പെടാനില്ല. ഗതാഗതത്തിനൊരു വകുപ്പും അതിനെ ചുറ്റിപ്പറ്റി നൂറായിരം നിയമങ്ങളുമൊക്കെ ഈ നാട്ടിലുണ്ട്. അവയൊന്നും ഏട്ടില്‍നിന്ന് റോഡിലേക്ക് ഇറങ്ങാറില്ലെന്ന് മാത്രം. ഹെല്‍മറ്റ് ധരിക്കാത്തവനെ പിടിച്ചുവെച്ച് പിഴ ചുമത്തുന്നതോടെ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന് സമാധാനിക്കുന്നവരാണ് നിയമപാലകര്‍. ടൂറിസ്റ്റ് ബസുകളുടെ മിന്നിത്തിളങ്ങുന്ന അലങ്കാര ലൈറ്റുകളും ശബ്ദസംവിധാനങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട് ചുരുങ്ങിയ മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് വടക്കഞ്ചേരി അപകടമുണ്ടായിരിക്കുന്നത്. ടൂറിസ്റ്റ് ബസുകളെ ഡാന്‍സിങ് #ോറുകള്‍ ആക്കരുതെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ, പല വാഹന ഉടമകളും അത്തരം ഉത്തരവുകള്‍ കണ്ട് പേടിക്കുന്നവരല്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ ഓട്ടം തുടരുകയാണ്. നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങളെക്കുറിച്ച് പരാതി നല്‍കാന്‍ ഓരോ ജില്ലയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാടസ്ആപ്പ് നമ്പരുകള്‍ പ്രസിദ്ധീകരിക്കണമെന്നു പോലും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും വീഴ്ച വരുത്തുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

ഗതാഗത വകുപ്പിന്റെ കരിമ്പട്ടികയിലുള്ള ബസാണ് വടക്കഞ്ചേരിയില്‍ അപകടത്തില്‍പെട്ടത്. ബസിനെതിരെ അഞ്ചോളം കേസുകള്‍ നേരത്തെ നിലവിലുണ്ടെന്നും അറിയുന്നു. എന്നിട്ടും എന്തുകൊണ്ട് അവര്‍ സൈ്വര്യമായി ഓടിയെന്നതാണ് പ്രധാന ചോദ്യം. യാത്ര പുറപ്പെടുന്നതിന് മുമ്പ് കുട്ടികളുടെ മാതാപിതാക്കള്‍ പകര്‍ത്തിയ വീഡിയോകളില്‍തന്നെ നിയമ വിരുദ്ധമായാണ് ബസ് ഓടിയതെന്ന് ബോധ്യമാകുന്നുണ്ട്. ബസിന്റെ സ്പീഡ് ഗവര്‍ണര്‍ പോലും ഊരിയെടുത്ത നിലയിലാണ്. അപകടത്തില്‍പ്പെടുമ്പോള്‍ മണിക്കൂറില്‍ 97.2 കിലോമീറ്ററായിരുന്നു വേഗതയെന്ന് റിപ്പോര്‍ട്ടുണ്ട്. ടൂറിസ്റ്റ് ബസുകളുടെ പരമാവധി വേഗം 60 കിലോമീറ്ററാണെന്നിരിക്കെയാണ് ദുരന്തത്തിലേക്കുള്ള പറത്തല്‍. രൂപമാറ്റം വരുത്തിയും പലതരം ലൈറ്റുകള്‍ ഘടിപ്പിച്ചും കാതടപ്പിക്കുന്ന ഉച്ചത്തില്‍ പാട്ടും കൂത്തുമായി റോഡിലൂടെ കുതിച്ചോടുന്ന ബസുകള്‍ക്കെതിരെ അധികൃതര്‍ ചെറുവിരല്‍ അനക്കാറില്ല. ബസുകാരില്‍ നിന്ന് പണം വാങ്ങി ഇത്തരം നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് അധികൃതരില്‍ പലരും.

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ പഠന, വിനോദ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ബസുകള്‍ ഏത് വിധത്തിലുള്ളതാകണമെന്നൊക്കെ സംസ്ഥാനത്ത് നിയമമുണ്ട്. അവയൊക്കെ കടലാസില്‍ ഓടുന്നവയാണെന്ന് മാത്രം. വിദ്യാര്‍ഥികളുമായി പോകുന്ന വാഹനങ്ങള്‍ ഫിറ്റ്‌നസ് ഉറപ്പാക്കണമെന്നും നിബന്ധനയുണ്ട്. പക്ഷേ, സ്വാധീനത്തിന്റെയും പണക്കൊഴുപ്പിന്റെയും ബലത്തില്‍ ഏത് നിയമത്തെയും മറികടക്കാമെന്ന ധൈര്യമാണ് വാഹന ഉടമകളെ നിയമലംഘനത്തിന് പ്രേരിപ്പിക്കുന്നത്. പല മേഖലയിലും പുരോഗതി കൈവരിച്ചപ്പോഴും ഗതാഗത രംഗത്ത് നാം ഇപ്പോഴും ബഹുദൂരം പിന്നിലാണ്. അക്കാര്യത്തില്‍ വികസിത രാജ്യങ്ങളെ മാതൃകയാക്കാറില്ല. റോഡുകളുടെ സ്ഥല പരിമിതിയും വാഹനപ്പെരുപ്പവും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതോടൊപ്പം നിയമങ്ങള്‍ ചവിട്ടിയരക്കപ്പെടുക കൂടിയാകുമ്പോള്‍ നിരത്തുകള്‍ രക്തപ്പുഴകളാവുക സ്വാഭാവികം. അനുഭവിച്ചേ പഠിക്കൂ എന്നത് പതിവ് രീതിയായിട്ടുണ്ട്. അപകടങ്ങള്‍ മുന്‍കൂട്ടി കാണാനും ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കാനും നാം തയാറാകുന്നില്ല. അനാസ്ഥകള്‍ക്ക് കൊടുക്കേണ്ടിവരുന്ന വില കനത്താണെന്ന് ഓര്‍ക്കണം. വടക്കഞ്ചേരിയെങ്കിലും പാഠമാകണം. വരും കാലത്ത് അത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബദ്ധശ്രദ്ധ വേണം.

Test User: