തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കില്ല
ലെജു കല്ലൂപ്പാറ
കോട്ടയം
ബി.ഡി.ജെ.എസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടതില്ലെന്നും അവരെ വിശ്വാസത്തിലെടുത്ത് നീങ്ങാനാവില്ലെന്നും ബി.ജെ.പിയുടെ വിലയിരുത്തല്‍. രാജ്യസഭാ സീറ്റുപോലെ സുപ്രധാന സ്ഥാനങ്ങള്‍ നല്‍കുന്നത് തങ്ങള്‍ക്കുതന്നെ ഭാവിയില്‍ വിനയാകുമെന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കാതിരുന്ന കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത് ആര്‍.എസ്.എസ് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ബന്ധമുള്ള രണ്ട് മലയാളികളാണെന്നാണ് അറിവ്.
ബി.ജെ.പിക്കെതിരെ സമുദായ നേതാക്കള്‍ക്ക് ജാതി, സമുദായ വിവേചനം ഉയര്‍ത്താന്‍ ഇടകൊടുക്കാത്തവിധമുള്ള പരിഗണനകള്‍ സംസ്ഥാനത്തുണ്ടാകണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പിട്ടിരുന്നു. ഇത് കണക്കിലെടുത്താണ് ബി.ഡി.ജെ.എസിന് മുന്‍തൂക്കമുള്ള സമുദായത്തില്‍ പെട്ട വി.മുരളീധരന് തുഷാറിനെ തഴഞ്ഞ് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയ്യാറായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന്റെ വോട്ടുകള്‍ സഹായകമായെങ്കിലും എല്‍.ഡി.എഫ് അധികാരത്തിലേറുകയും വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാസ് തട്ടിപ്പ് കേസ് സര്‍ക്കാര്‍ മുറുക്കുകയും ചെയ്തതോടെ വെള്ളാപ്പള്ളി ചുവടുമാറ്റി. പിണറായിയെ പുകഴ്ത്തിയും ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ഇകഴ്ത്തിയും സംസാരിക്കുക വെള്ളപ്പള്ളിയുടെ പതിവ് പരിപാടിയായി മാറി. ചെങ്ങന്നൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പോലും വെള്ളാപള്ളി നടേശന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ആഴ്ചകള്‍ക്കു മുമ്പ് ഇടുക്കി ജില്ലയിലെ ഒരുപരിപാടിയില്‍ ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ചുപോലും വെള്ളാപ്പള്ളി പരാമര്‍ശിച്ചത്രെ. സംസ്ഥാനസര്‍ക്കാരിനെ പിണക്കാതെ വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം ഉറപ്പാക്കാന്‍ തുഷാറും ശ്രമിക്കുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കുന്നതുകൊണ്ട് സമുദായ വോട്ടുകള്‍ ബി.ജെ.പിക്കനുകൂലമാകില്ല. അത് ബി.ഡി.ജെ.എസിന്റെ വളര്‍ച്ചയ്‌ക്കേ സഹായിക്കു. മധ്യസ്ഥരില്ലാതെ എല്ലാ സമുദായങ്ങളുടെയും ഇടയില്‍കടന്നുകയറാനുള്ള പാതയാണ് ബി.ജെ.പി വെട്ടിതുറക്കേണ്ടതെന്നും കേന്ദ്ര നേതൃത്വത്തിന് വിവരം ലഭിച്ചു.
എന്നാല്‍ ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിനെ പിണക്കാതെ കൂടെനിര്‍ത്തുന്നതിനുള്ള നടപടിയുണ്ടാകണം. കേന്ദ്രഭരണം നിലനില്‍ക്കുന്നതിനാല്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളപ്പള്ളിയും ഒരുപരിധിക്കപ്പുറം ബി.ജെ.പി യെ എതിര്‍ക്കില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ‘അവര്‍ വളയ്ക്കാന്‍ ശ്രമിച്ചുനോക്കും എന്നാല്‍ ഒടിക്കാന്‍ മുതിരില്ല’ ഇതായിരുന്നു ബി.ജെ.പിയുടെ ഒരുസംസ്ഥാന ഭാരവാഹിയുടെ വിലയിരുത്തല്‍.
ബി.ഡി.ജെ.എസ് നേതാക്കളുമായി ബി.ജെ.പി കേന്ദ്ര നേതാക്കള്‍ സംസാരിക്കും. ബോര്‍ഡ് കോര്‍പ്പറേഷന്‍ ഭാരവാഹിത്വം നല്‍കാന്‍ തയ്യാറായേക്കുമെങ്കിലും രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കില്ല. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനുശേഷം ‘എല്ലാം ശരിയാക്കാം’ എന്ന വാഗ്ദാനമാകും കൊടുക്കുക. ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിന്റെ നിലപാടും സ്വാധീനവും സംബന്ധിച്ച് തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി കേന്ദ്രനേതൃത്വം വ്യക്തമായി വിലയിരുത്തിയാകും തുടര്‍ സമീപനമെന്നാണ് അറിവ്.