X

‘അവര്‍ എല്ലാ മാര്‍ഗങ്ങളും തടഞ്ഞപ്പോള്‍ രാജ്യത്തുടനീളം നടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു’; ‘ജോഡോ യാത്ര’യെ കുറിച്ച് രാഹുല്‍ ഗാന്ധി

രാഷ്ട്രീയത്തിൽ ‘പ്രണയം’ എന്ന ആശയം അവതരിപ്പിച്ചത് ‘ഭാരത് ജോഡോ യാത്ര’യാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡാലസിലെ ടെക്സാസ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് ‘ഭാരത് ജോഡോ യാത്ര’ നടത്തുന്നതിന്‍റെ കാരണത്തെ കുറിച്ച് കോൺഗ്രസ് നേതാവ് വാചാലനായത്.

ഇന്ത്യയിലെ എല്ലാ ആശയവിനിമയ മാർഗങ്ങളും അവർ തടസപ്പെടുത്തി. ഞങ്ങൾ എന്ത് ചെയ്താലും അതെല്ലാം തടഞ്ഞു. ഞങ്ങൾ പാർലമെന്‍റിൽ സംസാരിച്ചു, അത് മാധ്യമങ്ങളിൽ വരുന്നില്ല. ഞങ്ങൾ പറയുന്ന കാര്യങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല. അതിനാൽ, ഞങ്ങളുടെ എല്ലാ മാർഗങ്ങളും വളരെക്കാലം അടഞ്ഞുപോയി. എങ്ങനെ ആശയവിനിമയം നടത്തണമെന്ന് ഞങ്ങൾക്ക് മനസിലായില്ല. രാജ്യത്തുടനീളം നടക്കുന്നതിനേക്കാൾ മികച്ച മാർഗം എന്താണെന്നും രാഹുൽ ചോദിച്ചു.

ഉല്‍പാദനത്തെയും ഉല്‍പാദനം സംഘടിപ്പിക്കുന്നതിനെയും കുറിച്ചും ഇന്ത്യ ചിന്തിക്കണം. ഉല്‍പാദനം ചൈനക്കാരിലോ വിയറ്റ്‌നാമീസിലോ ബംഗ്ലാദേശികളിലോ കേന്ദ്രീകരിക്കുന്ന് ഇന്ത്യ പറയുന്നത് അംഗീകരിക്കാനാവില്ല. ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഗണിക്കാതെ തന്നെ ടെക്‌സ്‌റ്റൈല്‍സ് രംഗത്ത് ബംഗ്ലാദേശ് നമ്മെ മറികടക്കുന്നു.

ഒരു ജനാധിപത്യ അന്തരീക്ഷത്തില്‍ എങ്ങനെ ഉല്‍പാദനം നടത്താമെന്ന് നാം പുനര്‍വിചിന്തനം ചെയ്യണം. ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മയെ നേരിടേണ്ടിവരും. മറികടക്കാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. നമ്മള്‍ ഈ മാര്‍ഗത്തിലൂടെ മുന്നോട്ട് പോയാല്‍, ഇന്ത്യയിലും അമേരിക്കയിലും യൂറോപ്പിലും വന്‍തോതിലുള്ള സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കാണേണ്ടി വരുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഉല്‍പാദനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും എന്നാല്‍, ഇന്ത്യ ഉപഭോഗം ആസൂത്രണം ചെയ്യുന്നതാണ് ആശങ്കക്ക് കാരണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയിലെ ഡാലസിലെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പാണ് പ്രവാസി സമൂഹവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നല്‍കിയത്. ലോക്‌സഭ പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി അര്‍ഥവത്തായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും ഏര്‍പ്പെടാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് രാഹുല്‍ എക്‌സില്‍ കുറിച്ചത്.

ഡാലസിലെ ഇര്‍വിങ് ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രവാസി ഇന്ത്യക്കാരെ രാഹുല്‍ അഭിസംബോധന ചെയ്യുന്നത്. അമേരിക്കന്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഒമ്പതിനും പത്തിനും വാഷിങ്ടണ്‍ ഡിസിയിലെ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

 

webdesk13: