X

നിങ്ങളുടെ ‘ചുപ് രഹോ റിപബ്ലിക്കി’ല്‍ ചോദ്യങ്ങളുമായി ഞങ്ങളുണ്ട്; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ആരെയും വാ തുറക്കാന്‍ അനുവദിക്കാത്ത നിങ്ങളുടെ ‘ചുപ് രഹോ റിപബ്ലിക്കി’ല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തങ്ങളുണ്ടെന്ന് പറഞ്ഞ മൊയ്ത്ര, ഇത് സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം മാത്രമല്ല, ഇന്‍ഡ്യയെ കുറിച്ചുള്ള ആത്മവിശ്വാസ പ്രമേയം കൂടിയാണെന്ന് വ്യക്തമാക്കി. ‘നിങ്ങളുടെ ‘മിണ്ടാതിരിക്കൂ റിപബ്ലിക്കി’ല്‍ (തും അഭീ ചുപ് രഹോ റിപബ്ലിക്) ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഗവര്‍ണറോട് ‘ചുപ് രഹോ’ (മിണ്ടാതിരിക്കൂ) പറയുന്നു, ഈ സഭയിലെ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരായ ഞങ്ങളോട് പതിവായി ‘ചുപ് രഹോ’ എന്ന് പറയുന്നു. മണിപ്പൂരിലെ ഭരണകൂട നിശ്ശബ്ദത തകര്‍ക്കാനാണ് ഈ പ്രമേയം’ അവര്‍ പറഞ്ഞു.

‘അവിശ്വാസ പ്രമേയം അവതരിപ്പിച്ചിട്ടും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇന്നലെയും മിനിഞ്ഞാന്നും സഭയില്‍ വന്നില്ല… ‘അദ്ദേഹം നിങ്ങള്‍ പറയുന്നത് കേള്‍ക്കില്ല, അവസാന ദിവസം വന്ന് നിങ്ങളെ തകര്‍ക്കും’ എന്നാണ് പറയുന്നത്. ശരി, ഞങ്ങള്‍ കാത്തിരിക്കുകയാണ്. മണിപ്പൂര്‍ കലാപത്തെ കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി ഈ സഭയിലേക്ക് വരാനും, കലാപബാധിതരായ ആളുകളെ ആശ്വസിപ്പിക്കാന്‍ മണിപ്പൂരിലേക്ക് പോകാനും വിസമ്മതിക്കുന്നതിലും ദൗര്‍ഭാഗ്യകരമായ കാര്യം വേറെ എന്താണുള്ളത്?’ അവര്‍ ചോദിച്ചു.

‘അന്നത്തെ സര്‍ക്കാരിനെ താഴെയിറക്കാനാണ് മിക്ക അവിശ്വാസ പ്രമേയങ്ങളും അവതരിപ്പിക്കാറുള്ളത്. എന്നാല്‍, ഇപ്പോള്‍ ഞങ്ങള്‍ എണ്ണത്തില്‍ കുറവായതിനാല്‍ അതിന് വിദൂര സാധ്യത പോലുമല്ലെന്ന് ഞങ്ങള്‍ക്കറിയാം. സഖ്യകക്ഷികളും ബിജെഡിയും വൈഎസ്ആര്‍സിപിയും അടക്കം ട്രഷറി ബെഞ്ചിലെ ഞങ്ങളുടെ സുഹൃത്തുക്കളില്‍ പലരും നിങ്ങള്‍ക്ക് സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ല, അത് പരാജയപ്പെടുമെന്ന് പറഞ്ഞ് ഞങ്ങളെ പരിഹസിച്ചു. എന്നാല്‍, ഈ സര്‍ക്കാര്‍ ആറടി താഴ്ചയില്‍ കുഴിച്ചുമൂടിയ ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളായ സമത്വത്തെയും മതേതരത്വത്തെ പുനരുജ്ജീവിപ്പിക്കാനാണ് ഇന്ത്യ എന്ന നിലയില്‍ നമ്മള്‍ ഈ പ്രമേയം കൊണ്ടുവന്നത്. അങ്ങേയറ്റത്തെ രാജ്യദ്രോഹമായി നിങ്ങള്‍ മുദ്രകുത്തുന്ന ജനാധിപത്യ ചട്ടക്കൂടില്‍ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം പുനരുജ്ജീവിപ്പിക്കാനാണ് ഈ പ്രമേയം. ‘ഞങ്ങള്‍’ എന്നും ‘അവര്‍’ എന്നും വിഭജിക്കാന്‍ നിങ്ങളുടെ ഗവണ്‍മെന്റ് നിര്‍ബന്ധിക്കുന്ന ഒരു സംസ്ഥാനത്ത് നാനാത്വത്തില്‍ ഏകത്വത്തോടെജീവിക്കാനുള്ള ആളുകളുടെ അവകാശം പുനരുജ്ജീവിപ്പിക്കാനാണ് ഈ പ്രമേയം’ മൊയ്ത്ര പറഞ്ഞു.

മണിപ്പൂരില്‍ 3 മാസം നീണ്ടുനിന്ന കലാപത്തില്‍ 6,500 എഫ്.ഐ.ആറുകള്‍, 4,000 വീടുകള്‍ നശിപ്പിക്കപ്പെട്ടു, 60,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, 150 ആളുകള്‍ മരിച്ചു, 300 ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഏതെങ്കിലും യുദ്ധകാലത്തോ പ്രകൃതി ദുരന്ത സമയത്തോ അല്ലാതെ ഏത് സംസ്ഥാനമാണ് ഇത്തരമൊരു ദുരന്തം കണ്ടത്? മണിപ്പൂരില്‍ സംസ്ഥാന പൊലീസും അസം റൈഫിള്‍സും തമ്മിലുള്ള പോരാട്ടം വിഡിയോയില്‍ കണ്ടു. 5,000 തോക്കുകളും ആറ് ലക്ഷം വെടിയുണ്ടകളും പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് ആള്‍ക്കൂട്ടം കൊള്ളയടിച്ചു. ആയുധങ്ങളുമായി രണ്ട് വംശീയ വിഭാഗങ്ങള്‍ സംഘടിച്ചതോടെ ഗോത്രവര്‍ഗക്കാര്‍ക്ക് താഴ്‌വരയിലും താഴ്‌വരയിലുള്ളവര്‍ക്ക് മലമുകളിലും പോകാന്‍ കഴിയാത്ത ബഫര്‍ സോണായി മണിപ്പൂര്‍ മാറി. ഏത് സംസ്ഥാനമാണ് ഇത്തരമൊരു അവസ്ഥയെ ഇതുവരെ അഭിമുഖീകരിച്ചത്?” അവര്‍ ചോദിച്ചു.

webdesk13: