തിരുവനന്തപുരം: കെപിസിസി പ്രിസിഡന്റ് കെ സുധാകരന്‍ പത്രസമ്മേളനം തുടങ്ങാന്‍ വൈകിയതില്‍ ക്ഷുഭിതനായതില്‍ പ്രതികരിച്ച് കെ സുധാകരന്‍. പ്രതിപക്ഷ നേതാവിനോട് ക്ഷോഭിച്ചിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. സതീശനോട് ദേഷ്യമില്ല. സതീശനും ഞാനും തമ്മില്‍ ജേഷ്ഠാനുജനെ പോലെ തന്നെയാണ്. സതീശനെ തള്ളിപറയാനോ, മോശമാക്കാനോ ജീവിതത്തില്‍ സാധിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
‘എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്റെ ഭാഗത്ത് പാളിച്ചവന്നതായി എനിക്കറിയില്ല. പ്രതിപക്ഷ നേതാവിന്റെ അടുത്ത് എന്തിന് ദേഷ്യപ്പെടണം. ഈ ദിവസങ്ങളിലെല്ലാം പരമാവധി മണിക്കൂര്‍ നമുക്ക് വേണ്ടി ഒപ്പം ഒരുമിച്ച് നടന്ന ഒരാളാണ് പ്രതിപക്ഷ നേതാവ്. ഞാന്‍ എന്തിന് അതിന് ക്ഷുഭിതനാവണം. പക്ഷേ മാധ്യമങ്ങള്‍ കാണിച്ച് അസ്വസ്ഥതയുണ്ട് ആ അസ്വസ്ഥത കണ്ടപ്പോള്‍ ദീപ്തിയോട് ചോദിച്ചു, എത്ര മണിയ്ക്കാണ് മാധ്യമങ്ങളെ കാണുന്നതെന്ന്, 10 മണിക്കാണെന്ന് പറഞ്ഞു. സമയം 10.45 ആയിട്ടുണ്ടാകും. മണി ഇത്രയും ആയല്ലോ മാധ്യമങ്ങളോട് മര്യാദകാണിച്ചില്ലല്ലോ എന്ന് പറയേണ്ടിവന്നു, അത് പറഞ്ഞു. അതിന് അപ്പുറം ഞാന്‍ പറഞ്ഞിട്ടില്ല, മാത്രമല്ല പ്രതിപക്ഷ നേതാവ് അന്ന് ആലപ്പുഴ ഡിസിസിയുടെ ഒരു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കാനുണ്ടായിരുന്നു. ചടങ്ങിന് പോയതുകൊണ്ടാണ് വൈകിയത്. ഏറെ വൈകിയിട്ടൊന്നുമില്ലായിരുന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞ് അദ്ദേഹം എത്തിയിരുന്നു. നമ്മള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഒന്നുമില്ല’; സുധാകരന്‍ വ്യക്തമാക്കി.
‘സതീശനും ഞാനും തമ്മില്‍ ജേഷ്ഠാനുജനെ പോലെ തന്നെയാണ്. ഇത്രയും ദിവസം നമ്മള്‍ ഒരുമിച്ചായിരുന്നു. എന്നേക്കാളേറെ ഈ ജാഥയ്ക്ക് മുന്‍ കൈ എടുത്തത് അദ്ദേഹമാണ്. എനിക്ക് അതൊന്നും മറക്കാന്‍ കഴിയില്ല. അങ്ങനെയുള്ള സതീശനെ തള്ളിപറയാനോ, മോശമാക്കാനോ ജീവിതത്തില്‍ സാധിക്കില്ല. സതീശനും ഞാനും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്’, സുധാകരന്‍ വ്യക്തമാക്കി.