ന്യൂഡല്‍ഹി: ടിഡിപിയുടെ അവിശ്വാസ പ്രമേയാവതരണ ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനും, വാര്‍ത്തയായി മാറിയ ആശ്ലേഷത്തിനും ശേഷം രാഹുല്‍ ഗാന്ധി തന്റെ രാഷ്ട്രീയനീക്കങ്ങള്‍ക്ക് പുതിയ ഗതി കണ്ടെത്തിയന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെറുപ്പിനെ താന്‍ സ്‌നേഹം കൊണ്ട് എതിരിടുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നമ്മില്‍ ചിലയാളുകളുടെ ഹൃദയങ്ങളിലുള്ള വെറുപ്പും, ഭയവും, പകയുമാണ് തന്റെ ആഖ്യാനങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എല്ലാ ഇന്ത്യാക്കാരുടെയും ഹൃദയത്തില്‍ സ്‌നേഹവും സഹാനുഭൂതിയുമാണുള്ളതെന്ന് തങ്ങള്‍ തെളിയിക്കാന്‍ പോകുകയാണെന്നും അത് മാത്രമാണ് ഒരു രാജ്യത്തെ സൃഷ്ടിച്ചെടുക്കാന്‍ പര്യാപ്തമാകുകയെന്നും രാഹുല്‍ പറഞ്ഞു. 45 മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തിലൂടെ രാഹുല്‍ ഗാന്ധി വന്‍ ആക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയത്. പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ ശക്തമായ വാക്കുകളിലൂടെ ഭരണപക്ഷത്തിനു മേല്‍ ആധിപത്യം രാഹുലിന് സാധിച്ചു. നോട്ടുനിരോധനം, ജിഎസ്ടി, തൊഴിലില്ലായ്മ, റാഫേല്‍ ഡീല്‍ എന്നീ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കുകയും അവ പാര്‍ലമെന്റിനു പുറത്തും ശക്തമായ ചര്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്യാന്‍ രാഹുലിന് സാധിച്ചു. രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും പകയുടെയും രാഷ്ട്രീയത്തെയും രാഹുല്‍ ഗാന്ധി തുറന്നു കാട്ടി. ആള്‍ക്കൂട്ട ആക്രമണങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും കര്‍ഷക ആത്മഹത്യകളുമെല്ലാം ചര്‍ച്ചയിലെത്തിക്കാനും അദ്ദേഹത്തിനായി.