ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചതിരിഞ്ഞ് രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
കൂടിക്കാഴ്ച വളരെ നല്ലതായിരുന്നെന്നും, രാജ്യത്തെ ജനാധിപത്യവും, ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും കൂടികാഴ്ചക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട രാഹുല്‍ കോണ്‍ഗ്രസും, ടി.ഡി.പിയും തമ്മിലുള്ള ശത്രുത ഭൂതകാലത്തെ സംഭവമായി മാറിയതായും പറഞ്ഞു. ഇപ്പോഴത്തെ ആവശ്യം വര്‍ത്തമാനകാലത്തേയും ഭാവിയേയും സംരക്ഷിക്കലാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോജിക്കേണ്ടതാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ വാക്കുകളെ ശരിവെച്ച നായിഡു ഇരുപാര്‍ട്ടികളും കഴിഞ്ഞകാലം മറക്കുകയാണെന്നും ഇരു പാര്‍ട്ടികളും യോജിക്കേണ്ടത് ജനാധിപത്യ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരുമിക്കുകയാണെന്നും ഇപ്പോള്‍ ഐക്യപ്പെടുത്തുന്നത് ജനാധിപത്യപരമായ നിര്‍ബന്ധമാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ നാം കഴിഞ്ഞകാലത്തെ മറക്കണമെന്നും പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നായിരിക്കണമെന്നും നായിഡു പറഞ്ഞു.
ബി.ജെ.പി സഖ്യത്തിനെതിരെ പ്രതിപക്ഷ ഐക്യ നിരയെ അണിനിരത്തുന്ന ഇടനിലക്കാരനായി നായിഡു പ്രവര്‍ത്തിക്കുമെന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് രാഹുലുമായി കൂടിക്കാഴ്ച നടത്തും മുമ്പ് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.
രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിക്കേണ്ടത് ആവശ്യമാണെന്നും കൂടിക്കാഴ്ചക്കു ശേഷം നേതാക്കള്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാവി ഭാസുരമാക്കുന്നതിനു വേണ്ടി പദ്ധതി തയാറാക്കുന്നതിനായാണ് ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് നായിഡു പറഞ്ഞു.
ദീര്‍ഘകാലം ശത്രുക്കളായിരുന്ന കോണ്‍ഗ്രസും ടി.ഡി.പിയും തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായാണ് മത്സരിക്കുന്നത്. തെലങ്കാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ഇരു പാര്‍ട്ടികളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ വരുന്നുവെന്നതിന്റെ സൂചന കഴിഞ്ഞ ദിവസം ടി.ഡി.പി നല്‍കിയിരുന്നു. ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് നായിഡു ഡല്‍ഹിയിലെത്തുന്നത്. പ്രതിപക്ഷ മഹാസഖ്യം രൂപപ്പെടുത്തുന്നതിനായി അടുത്ത ഏതാനും മാസം ആഴ്ചയില്‍ ഒരു തവണയെങ്കിലും നായിഡു ഡല്‍ഹിയിലെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ശനിയാഴ്ച നായിഡു മായാവതി, അരവിന്ദ് കെജ് രിവാള്‍, ശരത് യാദവ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 1995ലും 98ലും കോണ്‍ഗ്രസ് ഇതര വിശാല പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനറായിരുന്നു നായിഡു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സഖ്യം വിട്ട നായിഡു പിന്നീട് പ്രധാനമന്ത്രി മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങണമെന്നാണ് നായിഡുവിന്റെ നിര്‍ദേശം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതിനോടും അദ്ദേഹത്തിന് എതിര്‍പ്പില്ല. അതേസമയം കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന മായാവതി അടക്കമുള്ളവരെ എങ്ങനെ സഖ്യത്തിനൊപ്പം നിര്‍ത്തുമെന്നതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്.