X

അമ്മ സിനിമയിലെ ലൈംഗികാതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു: ഡബ്ലു.സി.സി

 

കൊച്ചി: മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും, അത്തരത്തിലുള്ള ചൂഷണങ്ങളെ നിസാരവല്‍ക്കരിക്കാനുമാണ് താരസംഘടനായ ‘അമ്മ’ ശ്രമിക്കുന്നതെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായമയായ ഡബ്ല്യുസിസി. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സംഘടന പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തും പരസ്പരവിരുദ്ധമായ പ്രസ്താവനകളും, ഉള്‍പ്പോരുകളും, സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും അമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. അമ്മയുടെ തന്നെ അംഗം ആയ ശ്രീ ദേവികയുടെ പ്രസ്താവനയില്‍ നിന്നും, സംഘടനക്കുള്ളില്‍ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്. സംഘടനയുടെ അവകാശവാദങ്ങളില്‍ നിന്നും ഒരുപാട് വൈരുധ്യം അവരുടെ നിലപാടുകള്‍ക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കാജനമാകമാണ്. തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ്, ശ്രീ ദേവിക, ശ്രുതി ഹരിഹരന്‍ എന്നിവരെ പിന്തുണക്കുന്നുവെന്നും അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും ഡബ്ല്യുസിസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
അതെ സമയം കുറ്റാരോപിതന്‍ ആയ നടന്‍ ദിലീപ് ഇപ്പോള്‍ അമ്മയില്‍ അംഗം അല്ല എന്ന വാര്‍ത്ത സ്വാഗതം ചെയ്യുന്നുവെന്നും സംഘടന പറഞ്ഞു. എങ്കിലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയില്‍ നിരാശയുണ്ട്. സമാനമായ സംഭവങ്ങള്‍ ഉണ്ടായാല്‍ ഭാവിയില്‍ ഒരു ഉദാഹരണം ആയി എടുത്ത് കാണിക്കാവുന്ന പ്രവര്‍ത്തനവും തീരുമാനങ്ങളും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായിരുന്നു. അക്രമത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയെയും, അവള്‍ക്കൊപ്പം മറ്റു മൂന്നു പേരെയും രാജി വെക്കാന്‍ നിര്‍ബന്ധിതരാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത അവര്‍ അവഗണിക്കുകയാണ് ഡബ്ല്യുസിസി കുറ്റപ്പെടുത്തി.
wcc.home.blog എന്ന ബ്ലോഗ് ഡബ്ല്യുസിസിയോട് ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാനുള്ള വേദിയായി പ്രയോജനപ്പെടുത്തണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

chandrika: