ഡബ്ലിയു.സി.സി ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടിയായി എ.എം.എം.എ പ്രതിനിധികളായ നടന്‍ സിദ്ധിഖും നടി കെ.പി.എ.സി ലളിതയും നടത്തിയ പത്രസമ്മേളനത്തില്‍ പ്രതികരണവുമായി ഡബ്ല്യൂ.സി.സി അംഗം നടി പാര്‍വതി. തൊഴിലിടം സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് ചര്‍ച്ച തുടങ്ങിയതെന്നും എ.എം.എം.എ ക്കെതിരെ പ്രത്യേക അജണ്ടയോ ഗൂഢാലോചനയോ ഇല്ലെന്നും പാര്‍വതി പറഞ്ഞു.
ഡബ്ലിയൂ.സി.സിക്കെതിരേയുള്ള സൈബര്‍ ആക്രമണത്തെ ന്യായീകരിച്ചായിരുന്നു സിദ്ധിഖിന്റെ പത്രസമ്മേളനം. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിനെ ഇവര്‍ അപമാനിച്ചുവെന്നും അത്തരം ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സിദ്ധിഖ് വ്യക്തമാക്കിയിരുന്നു. ദിലീപിനെ സംരക്ഷിക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇരയ്‌ക്കൊപ്പം തന്നെയാണ് തങ്ങളെന്നുമാണ് എ.എ.എം.എയുടെ ഔദ്യാഗിക പ്രതികരണമായി സിദ്ധിഖും കെ.പി.എ.സി ലളിതയും അറിയിച്ചത്. എന്നാല്‍ ഇവരുടെ വാദം തള്ളിക്കൊണ്ട് സംഘടനയുടെ ഔദ്യോഗിക വക്താവ് എന്ന നിലയ്ക്ക് നടന്‍ ജഗദീഷും പത്രക്കുറിപ്പ് പുറത്തിരക്കിയിരുന്നു. ഈ അവസരത്തിലാണ് പാര്‍വതിയുടെ പ്രതികരണം.
”രണ്ട് കാര്യങ്ങളാണ് ഇപ്പോള്‍ പറയാനുള്ളത്, ശ്രീ ജഗദീഷ് പുറത്തു വിട്ട പത്രകുറിപ്പാണോ അവരുടെ യഥാര്‍ത്ഥ ഔദ്യോഗിക പ്രതികരണം അതോ ഇപ്പോള്‍ സിദ്ധിഖ് സാറും കെ.പി.എ.സി.ലളിത ചേച്ചിയും കൂടി ഇരുന്ന് സംസാരിച്ചതാണോ എ.എം.എം.എയുടെ ഔദ്യോഗിക പ്രതികരണം. അതേപോലെ അവര്‍ പറയുകയും ചെയ്തു മഹേഷ് എന്ന നടന്‍ ഇവര്‍ക്ക് വേണ്ടി ഘോരം ഘോരം വാദിച്ചത് ഇവര്‍ പറഞ്ഞിട്ടല്ലെന്ന്. നമുക്കറിയാനുള്ളത് ആര് പറയുന്നതാണ് കേള്‍ക്കേണ്ടത് എന്നതാണ്.
പിന്നെ ഏറ്റവും അസഹനീയമായ കാര്യം ഇവര്‍ രണ്ടു പേരും ഇങ്ങനെയൊരു സംഭവം നമ്മുടെ സിനിമാ മേഖലയില്‍ നടക്കുന്നേ ഇല്ലെന്ന് വീണ്ടും വീണ്ടും പറയുന്നു. ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ഇതിന് മുന്‍പും വന്നിട്ടുണ്ടായിരുന്നു. നമ്മുടെ സുഹൃത്തിന് ഇങ്ങനെ വലിയൊരു സംഭവം നടന്നതിന് ശേഷവും അങ്ങനെയൊന്ന് ഇവിടെ ഇല്ലേ ഇല്ലെന്നാണ് സിദ്ധിഖ് സാര്‍ പറയുന്നത്. കെ.പി.എ.സി ലളിത ചേച്ചി പറയുന്നത് മറ്റുള്ള തൊഴിലിടങ്ങളിലെ പോലെ ഒക്കെ തന്നെയേ ഉള്ളൂ ഇത് ഇവിടെ മാത്രം അല്ലല്ലോ എന്നാണ്. അതിനെ തീര്‍ത്തും നിസാരവത്കരിക്കുകയാണ്. അതിന് ഒരുപാട് പ്രശ്നങ്ങളുണ്ട്. ഇവരെ മാതൃകയാക്കുന്ന നോക്കിക്കാണുന്ന ഒരുപാടു പേര്‍ ഉണ്ട്. ഇങ്ങനെ ഒക്കെ കള്ളം പറയുകയാണെങ്കില്‍ കഠിന ഹൃദയ ആയിരിക്കണം. പിന്നെ ഇതില്‍ ആര് പറയുന്ന സ്റ്റേറ്റ്മെന്റിനാണ് നമ്മള്‍ റസ്പോണ്ട് ചെയ്യേണ്ടത് എന്ന് അവരൊന്ന് വ്യക്തമാക്കിയാല്‍ വലിയ ഉപകാരമാണ്.”പാര്‍വതി പറഞ്ഞു.
എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിനെ അപമാനിച്ചു എന്ന ആരോപണത്തില്‍ നടിമാര്‍ക്കെതിരേ നടപടി എടുക്കുമെന്ന സിദ്ധിഖിന്റെ പ്രസ്താവനയോടും പാര്‍വതി പ്രതിരകരിച്ചു.
‘അമ്മ എന്ന സംഘടന എന്തെങ്കിലും രീതിയില്‍ എന്തിനെങ്കിലും എതിരെ ഒരു ഔദ്യോഗിക നടപടി എടുക്കുന്നത് കണ്ടു കഴിഞ്ഞാല്‍ അതില്‍ സന്തോഷമുണ്ട്. അതായത് ബാക്കി കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാലും ഔദ്യോഗിക മറുപടിയെ ചോദിച്ചിട്ടുള്ളു, ഏതൊരു ജനറല്‍ ബോഡി അംഗത്തിനും തോന്നാവുന്ന സംശയമേ ഞങ്ങള്‍ ചോദിച്ചിട്ടുള്ളൂ. അങ്ങനെ ഉള്ളതിന് ഉത്തരം കിട്ടാതെ വരികയാണ്. ഇതൊരു പൊതു പ്രശ്നമാണ്. രഹസ്യമായ സംഭവമല്ല. ഒരു ഉത്തരവാദിത്തം നമ്മുടെ സമൂഹത്തോട് നമുക്കുണ്ട്.
പക്ഷെ ഇതിന് ഒരു ഉത്തരവും നമുക്ക് കിട്ടിയിട്ടില്ല. പക്ഷെ ഇതിനെ ഗൂഢാലോചന ആണെന്നും അജണ്ടയാണെന്നും പറയുന്നത് വളരെ എളുപ്പമുള്ള പോംവഴിയാണ്, അതില്‍ വളരെ സങ്കടമുണ്ട്. നമുക്ക് നേടാനുള്ളതെന്താണ് എന്നതിന് ഒരു തെളിവുമില്ല. നമ്മള്‍ നീതിക്ക് വേണ്ടി സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയാണ് ഈ ചര്‍ച്ച തന്നെ തുടങ്ങിയത്. അതിനെ ഒരു അജണ്ട ആക്കി മാറ്റാനെങ്കില്‍ എനിക്കൊന്നും പറയാനില്ല’.