മുഹമ്മദ് ഷാഫി
ഫ്രാന്‍സ് 1 – പെറു 0
‘അയാള്‍ കളിക്കുന്നുണ്ടെങ്കില്‍ ഗ്രൗണ്ടില്‍ ഞങ്ങള്‍ പന്ത്രണ്ട് പേരുണ്ടാവും. റഫറിക്ക് എണ്ണത്തില്‍ പിഴക്കും.’ എണ്ണപ്പണത്തിന്റെയും പാരമ്പര്യത്തിന്റെയും ആധിപത്യമുള്ള പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി എന്ന ശരാശരിക്കാര്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എടുത്തുകൊടുത്ത കോച്ച് ക്ലോഡിയോ റനേരിയുടെ വാക്കുകളാണിത്. മധ്യനിരയില്‍ രണ്ടാളുടെ റോളില്‍ താന്‍ കളിപ്പിക്കും എന്ന് റനേരി അവകാശപ്പെട്ട ആ കളിക്കാരനെ ട്രാന്‍സ്ഫര്‍ വിപണിയിലെ വണിക്കുകളുടെ കണ്ണുപതിയാതെ സൂക്ഷിക്കാന്‍ ലെസ്റ്ററിനായില്ല. അയാളെ റാഞ്ചിയ ചെല്‍സി അടുത്ത സീസണില്‍ കിരീടമണിഞ്ഞു; റനേരിക്ക് നാണംകെട്ട് പടിയിറങ്ങേണ്ടിയും വന്നു.
ക്ലോദ് മക്കലേലിയെ പോലെ ഫുട്‌ബോളില്‍ തനിക്ക് സ്വന്തമായൊരു റോള്‍ തന്നെ സൃഷ്ടിച്ച അയാളാണ് ഇന്ന് നമ്മള്‍ കണ്ട എന്‍ഗോളോ കാന്റെ. 168 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള കുറിയ മനുഷ്യന്‍. പക്ഷേ, ഫ്രാന്‍സ് പെറുവിനെ ആധികാരികമായി തോല്‍പ്പിച്ചപ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കാന്റെയും അയാളുടെ സ്വന്തം ‘കാന്റെ റോളു’മായിരുന്നു. ഗോളടിച്ച കെയ്‌ലിയന്‍ എംബാപ്പെയെ ലോകം വാഴ്ത്തും. പക്ഷേ, എനിക്കുറപ്പുണ്ട് – ദിദിയര്‍ ദെഷാംപ്‌സ് ഇന്ന് ഏറ്റവുമധികം നന്ദിപറയുക കാന്റെയോടായിരിക്കും.
ഓസ്‌ട്രേലിയക്കെതിരെ വിറച്ചു ജയിച്ച മത്സരത്തില്‍ കാന്റെ നടത്തിയ ഇടപെടലിനെപ്പറ്റി ഞാന്‍ എഴുതിയിരുന്നു. ഇന്നുപക്ഷേ, വ്യത്യാസം പ്രകടമായിരുന്നു. കാന്റെ മാത്രമല്ല, അയാള്‍ക്കൊപ്പം ടീമും കളിച്ചു. പെറുവിനെ ഫ്രാന്‍സ് തോല്‍പ്പിച്ചത് ടാക്ടിക്കല്‍ മികവ് കൊണ്ടുമാത്രമല്ല, കളിക്കാരുടെ വ്യക്തിഗത മികവുകൊണ്ടു കൂടിയാണ്. കാന്റെ, എംബാപ്പെ, വരാന്‍, പോഗ്ബ, ജിറൂഡ്, ഗ്രീസ്മന്‍, മറ്റിയൂഡി എന്ന ക്രമത്തിലാണ് ഞാന്‍ കളിക്കാരെ റേറ്റ് ചെയ്യുന്നത്. പെറു നിരയില്‍ പതിവുപോലെ കരിയ്യോയും, ജെഫേഴ്‌സണ്‍ ഫര്‍ഫാനും അഡ്വിന്‍ക്യൂലയും ഗ്വെറേറോും തിളങ്ങി. പക്ഷേ, ഫ്രാന്‍സ് അവരെ എകതരിന്‍ബര്‍ഗില്‍ കീശയിലാക്കിക്കളഞ്ഞു.
പെറുവിന്റെ ആക്രമണത്തോടെയായിരുന്നു തുടക്കം. പ്രതീക്ഷിക്കപ്പെട്ടതു പോലെ കരിയ്യോ വലതുവിങില്‍ ആളിക്കത്തി. പക്ഷേ, അയാള്‍ക്കു പറ്റിയ പങ്കാളിയെ – ഫര്‍ഫാനെ – ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് കോച്ച് ഗരേക്ക വരുത്തിയ ഭീമാബദ്ധമായിരുന്നു. ഒരുപക്ഷേ, പെറുവിന് ഈ ലോകകപ്പ് തന്നെ നഷ്ടപ്പെടുത്തിയ തീരുമാനം.
4-2-3-1 ശൈലിയില്‍ അണിനിരന്ന ഫ്രാന്‍സ് പതുക്കെയാണ് പിടിമുറുക്കിയത്. പെറുവിന്റെ തിളപ്പ് ഒന്ന് ആറട്ടെ എന്നവര്‍ തീരുമാനിച്ചതു പോലെ. പക്ഷേ, കളി വരുതിയിലാക്കിയപ്പോള്‍ അതിനൊരു ചന്തവും ആധികാരികതയുമുണ്ടായിരുന്നു. ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍മാരായി അണിനിരന്ന കാന്റെയും പോഗ്ബയുമായിരുന്നു ടീമിന്റെ എഞ്ചിന്‍ റൂം. ഇരുവരുടെയും നേതൃത്വത്തില്‍ രണ്ട് യൂണിറ്റുകളായാണ് ഫ്രാന്‍സ് ആദ്യപകുതി കളിച്ചത്. വരാന്‍-കാന്റെ-ബെഞ്ചമിന്‍ പവാര്‍ഡ്-എംബാപ്പെ എന്നിവര്‍ ഒരു യൂണിറ്റായും ഉംതിതി-പോഗ്ബ-ഹെര്‍ണാണ്ടസ്-മറ്റിയൂഡി മറ്റൊരു യൂണിറ്റായും. പോഗ്ബ തന്റെ യൂണിറ്റിനെ എതിര്‍ബോക്‌സില്‍ പന്തെത്തിക്കുന്നതിനായി ഉപയോഗിച്ചപ്പോള്‍ കാന്റെ ആധിപത്യ സ്വഭാവത്തിലാണ് നയിച്ചത. ആക്രമണത്തില്‍ വീക്ക് ലിങ്ക് ആയ റൈറ്റ് വിങ്ബാക്ക് ഇല്ലായിരുന്നെങ്കില്‍ ഗോളുകള്‍ കൂടുതല്‍ പിറന്നേനെ. ഇരുവശങ്ങളില്‍ നിന്നും രൂപപ്പെട്ടുവരുന്ന നീക്കങ്ങള്‍ ഗ്രീസ്മനും ജിറൂഡും തക്കംപാര്‍ത്തിരിക്കുന്ന മധ്യത്തിലേക്ക് വരുംതരത്തിലായിരുന്നു ഫ്രാന്‍സിന്റെ പ്ലാനിങ് എന്ന് തോന്നുന്നു.
കഴിഞ്ഞ മത്സരത്തില്‍ നിന്നു വ്യത്യസ്തമായി ദെഷാംപ്‌സ് കളിക്കാരെ കുറച്ചുകൂടി സ്വതന്ത്രരാക്കിയതു പോലെ തോന്നി. കളിസിദ്ധാന്തത്തിന്റെ കോപ്പിബുക്കില്‍ നിന്നു തിരിയാതെ സ്വന്തം ‘കളി’ പുറത്തെടുക്കാനും അനുവാദം നല്‍കി. എംബാപ്പെയുടെയും ഗ്രീസ്മന്റെയും പോഗ് ജിറൂഡിന്റെയുമൊക്ക ഐറ്റംസ് പെറുക്കാരെ വിഷമിപ്പിക്കുകയും ചെയ്തു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ നിന്നു കയറി ചിലപ്പോഴൊക്കെ ‘ബോക്‌സ് ടു ബോക്‌സ്’ ആയും രൂപാന്തരം പ്രാപിച്ച കാന്റെ അവര്‍ക്കെല്ലാം മികച്ച പിന്‍ബലം നല്‍കി. ഇടപെടല്‍, റിക്കവര്‍, ഫ്രീയായി നില്‍ക്കുന്നവര്‍ക്ക് പന്തെത്തിക്കല്‍… എല്ലാം കാന്റെ വളരെ നന്നായി ചെയ്തു.
കളി അരമണിക്കൂറിനോടടുത്തപ്പോഴാണ് ഫ്രഞ്ച് ആക്രമണത്തില്‍ വിശ്വരൂപം കണ്ടത്. അവര്‍ ഒന്നിനു പിറകെ മറ്റൊന്നായി ഗോളിനടുത്തെത്തി. എംബാപ്പെ പിന്‍കാല്‍ കൊണ്ട് നടത്തിയ ആ ഗോള്‍ശ്രമം ഓര്‍ക്കുക. ഒട്ടുംവൈകാതെ ഗോള്‍ വന്നു. മുന്‍നിര മാത്രം ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് പെറുവിന്റെ ദൗര്‍ഭാഗ്യത്തിലാണ് ആ ഗോള്‍ പിറന്നതെന്ന് തോന്നും. അല്ല; ഫ്രാന്‍സിന്റെ പ്രസ്സിങിന്റെ ഫലം മാത്രമായിരുന്നു അത്.
ഗോള്‍ തിരിച്ചടിക്കാന്‍ പെറുവിന് കരിയ്യോയുടെ ഇന്റിവിജ്വല്‍ ബ്രില്ല്യന്‍സ് അനിവാര്യമായിരുന്നു. പക്ഷേ, വലതുവിങില്‍ അയാള്‍ക്ക് പന്തെത്താതെ നോക്കാന്‍ പോഗ്ബക്കും ഉംതിതിക്കും ഹെര്‍ണാണ്ടസിനും കഴിഞ്ഞു. അതോടെ, കഴിഞ്ഞ ദിവസം അംറബാത്ത് ചെയ്ത പോലൊരു മണ്ടത്തരം പെറുവും ചെയ്തു. കരിയ്യോ ഇടതുവിങിലേക്ക് മാറി. കാന്റെ കൊടികുത്തിവാഴുന്ന പ്രദേശത്ത് സുഖമായി വസിക്കാമെന്ന ചിന്ത ആത്മഹത്യാപരമായിരുന്നു.
രണ്ടാംപകുതിയില്‍ യോത്തുനെ പിന്‍വലിച്ച ഫര്‍ഫാനെ ഇറക്കിയപ്പോള്‍ ഗരേക്കയുടെ ലക്ഷ്യം വ്യക്തമായിരുന്നു; നിരന്തരമുള്ള ആക്രമണം. കരിയ്യോ തന്റെ വിങ്ങിലേക്ക് തിരിച്ചുപോയി. പക്ഷേ, ഗോള്‍മുഖം കവര്‍ ചെയ്യുന്ന കാര്യത്തില്‍ സ്റ്റഡി ക്ലാസായിരുന്നു ഫ്രാന്‍സിന്റേത്. കാലാള്‍പ്പടക്ക് കടന്നുചെല്ലാന്‍ കഴിയാത്തിടത്തേക്ക് മിസൈല്‍ അയക്കുക എന്നതായി പിന്നെ പെറുവിയന്‍ രീതി. ഫര്‍ഫാന്റെയും ഫ്‌ളോറസിന്റെയും കരിയ്യോയുടെയും കാലുകളില്‍ നിന്ന് തീഷോട്ടുകള്‍ പറന്നു. പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോയ ആ ഫര്‍ഫാന്റെ ഷോട്ട്! പക്ഷേ, ഭാഗ്യം ലാറ്റിനമേരിക്കക്കാരനല്ലായിരുന്നു. അവസാന നിമിഷങ്ങളില്‍ ഫക്കീറിനെയും എന്‍സോസിയെയും ഡെംബലെയും ഇറക്കിയ ദെഷാംപ്‌സിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. ഒന്ന്, മധ്യനിരയില്‍ തന്നെ പെറുവിന്റെ ആക്രമണങ്ങള്‍ മുറിക്കുക. രണ്ട്, കിട്ടിയ പഴുതില്‍ ആക്രമണം നയിച്ച് ലീഡ് വര്‍ധിപ്പിക്കാന്‍ നോക്കുക. ഏതായാലും, അത് വിജയിക്കുക തന്നെ ചെയ്തു.
പെറു പുറത്തായതില്‍ സങ്കടമുണ്ട്; എന്നാല്‍, ഫ്രാന്‍സിന്റെ ആസൂത്രണത്തോടെയുള്ള ഒരു കളി കാണാനായതില്‍ സന്തോഷവും. വിരലുകള്‍ പിണച്ച് ഇനി അര്‍ജന്റീന – ക്രൊയേഷ്യ അങ്കത്തിലേക്ക്.