ന്യൂഡല്‍ഹി: അണ്ടര്‍ വാട്ടര്‍ എസ്‌കേപ്പ് പ്രകടനത്തിനിടെ യുവ മാന്ത്രികന്‍ ഹൂഗ്ലി നദിയില്‍ മുങ്ങി മരിച്ചു. നാല്‍പതുകാരനായ പശ്ചിമ ബംഗാള്‍ സ്വദേശി ചഞ്ചാല്‍ ലാഹിരി എന്ന ജുഡ്ഗാര്‍ മാന്‍ഡ്രേക്ക് ആണ് അമേരിക്കന്‍ ഇതിഹാസം ഹാരി ഹുഡ്‌നിയുടെ ലോക പ്രശസ്ത മാന്ത്രിക കലയായ അണ്ടര്‍ വാട്ടര്‍ എസ്‌കേപ്പ് പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ടത്. നദിയില്‍ താഴ്ത്തി ഏറെ നേരത്തിനു ശേഷവും മാന്ത്രികന്‍ തിരിച്ചുവരാതിരുന്നതോടെ കാണികളില്‍ ചിലര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഉടന്‍ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് രാത്രി വൈകി നടത്തിയ തെരച്ചിലില്‍ കാലത്ത് ബോഡി കണ്ടെത്തുകയായിരുന്നു.
ഏറെ അപകടം നിറഞ്ഞ ജാലവിദ്യയാണ് അണ്ടര്‍ വാട്ടര്‍ എസ്‌കേപ്പ്. കാണികള്‍ നോക്കിനില്‍ക്കെ മാന്ത്രികന്റെ കണ്ണുകള്‍ കറുത്ത തുണി കൊണ്ട് മൂടുകയാണ് ആദ്യം ചെയ്യുക. പിന്നീട് ചങ്ങലകള്‍ കൊണ്ട് ബന്ധനസ്ഥനാക്കിയ ശേഷം ആറടി ഉയരമുള്ള പെട്ടിയില്‍ അടക്കും. തുടര്‍ന്ന് പെട്ടിക്കു പുറത്തും ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച് ആറു താഴുകള്‍ കൊണ്ട് പൂട്ടിയ ശേഷം ക്രെയിന്‍ ഉപയോഗിച്ച് വെള്ളത്തില്‍ താഴ്ത്തും. ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മാന്ത്രികന്‍ മറ്റെവിടെയെങ്കിലും പ്രത്യക്ഷപ്പെടുന്നതോടെയാണ് കാണികളില്‍ ശ്വാസം നേരെ വീഴുക. സമാനരീതിയില്‍ തന്നെയാണ് ലാഹിരി ജാലവിദ്യ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. 2013ല്‍ ഇതേ ജാലവിദ്യ ലാഹിരി വിജയകരമായി അവതരിപ്പിച്ചിരുന്നു. കാണികള്‍ നോക്കിനില്‍ക്കെ പെട്ടിയില്‍ ചങ്ങലകള്‍ കൊണ്ട് ബന്ധിപ്പിച്ച് ഹൗറ പാലത്തിന്റെ 28ാം നമ്പര്‍ പില്ലറിനു സമീപമാണ് ക്രെയിന്‍ ഉപയോഗിച്ച് ലാഹിരിയെ താഴ്ത്തിയത്. ജാലവിദ്യ അവതരിപ്പിക്കും മുമ്പ് കൊല്‍ക്കത്ത പൊലീസിന്റെയും പോര്‍ട്ട് ട്രസ്റ്റിന്റേയും അനുമതി ലാഹിരി വാങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അണ്ടര്‍ വാട്ടര്‍ എസ്‌കേപ്പ് എന്നാണ് പേരെങ്കിലും വെള്ളവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് ഇയാള്‍ അധികൃതര്‍ മുമ്പാകെ വിശദീകരിച്ചിരുന്നു. രക്ഷപ്പെട്ട് താന്‍ ബോട്ടില്‍ തിരിച്ചുവരുമെന്നായിരുന്നു കാണികള്‍ക്ക് നല്‍കിയ അറിയിപ്പ്. ഇതിനായി ഇദ്ദേഹം ബോട്ട് ക്രമീകരിച്ചിരുന്നതായും പൊലീസ് അറിയിച്ചു. എന്നാല്‍ ജാലവിദ്യക്കായി ഉപയോഗിച്ച പെട്ടിയും ചങ്ങലകളും സംഭവ സ്ഥലത്തുനിന്ന് ഏറെ മാറി നദിയില്‍നിന്ന് കണ്ടെടുത്തതോടെയാണ് ഒഴുക്കില്‍പെട്ടിരിക്കാമെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയത്.