X
    Categories: CultureMoreViews

മകളെ ബലാല്‍സംഗം ചെയ്ത പിതാവിനെ ആറ് ദിവസത്തിനുള്ളില്‍ ജഡ്ജി അഴിക്കള്ളിലാക്കി

കൊല്‍ക്കത്ത: മകളെ ബലാല്‍സംഗം ചെയ്ത പിതാവിന് ആറ് ദിവസത്തിനകം ശിക്ഷ വിധിച്ച് ജഡ്ജി ചരിത്രം കുറിച്ചു. പശ്ചിമ ബംഗാളിലെ സെല്‍ദ സെഷന്‍സ് കോടതി ജഡ്ജി ജിമുത് ബഹന്‍ ബിശ്വാസ് ആണ് അതിവേഗത്തില്‍ ശിക്ഷ വിധിച്ച് രാജ്യത്തിന് മാതൃകയായത്. അഞ്ച് വര്‍ഷം തടവും 20000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം കൂടി തടവനുഭവിക്കണം.

പോക്‌സോ നിയമപ്രകാരമുള്ള കേസുകളില്‍ ഏറ്റവും വേഗത്തില്‍ വിധിപറഞ്ഞ കേസാണിത്. കൃത്യമായ സമയത്തിനുള്ളില്‍ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറായാല്‍ നീതി വൈകില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വിവേക് ശര്‍മ്മ പറഞ്ഞു.

കുട്ടിയുടെ അമ്മ മരിച്ചതിനെ തുടര്‍ന്ന് പിതാവും പെണ്‍കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നു. ഫെബ്രുവരി 20ന് രാത്രി പിതാവ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിരോധിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് കുട്ടി അമ്മയുടെ പിതാവിനോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് പുറത്തറിഞ്ഞത്.

നേരത്തെയും ജസ്റ്റിസ് ബഹന്‍ ബിശ്വാസ് ലൈംഗീക പീഡനക്കേസില്‍ അതിവേഗത്തില്‍ വിധി പറഞ്ഞ് മാതൃകയായിരുന്നു. 2016ല്‍ നാദിയ ജില്ലയില്‍ ഒരു ബാര്‍ബര്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജഡ്ജി 15 ദിവസത്തിനകം വിധി പറഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: