ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന് പിന്നാലെ, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനവും (ജി.ഡി.പി) വ്യാവസായികോത്പാദനവും താഴേക്ക് പോകുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ നടക്കേണ്ടിയിരുന്ന യോഗം ചില കാരണങ്ങളാല്‍ മറ്റൊരു തിയ്യതിയിലേക്ക് മാറ്റിവെച്ചു. അതേസയമം, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സി.ആര്‍ ചൗധരി, സുരേഷ് പ്രഭു, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ തുടങ്ങിയവരുമായും ജെയ്റ്റ്‌ലി ചര്‍ച്ച നടത്തി.
ജി.ഡി.പി വീഴ്ചക്കു പുറമേ, തൊഴിലവസരങ്ങള്‍ കുറഞ്ഞത്, സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളുടെ കുറവ്, കര്‍ഷകര്‍ക്കിടയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍, ജി.എസ്.ടി അവതരിപ്പിച്ചതു മൂലമുണ്ടായ സാമ്പത്തിക പ്രയാസങ്ങള്‍ എന്നിവ കൂടി യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞയാഴ്ച അരവിന്ദ് സുബ്രഹ്മണ്യന്‍ മോദിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു.
മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച; 5.7 ശതമാനം. ഒരു വര്‍ഷം മുമ്പ് ഇത് 7.9 ശതമാനമായിരുന്നു. തുടര്‍ച്ചയായ ആറ് പാദങ്ങളിലാണ് ജി.ഡി.പി വളര്‍ച്ച താഴോട്ടു പോയത്.
സാമ്പത്തിക വളര്‍ച്ച
ഏപ്രില്‍, ജൂണ്‍ പാദത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി) മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് ഈയിടെ പുറത്തുവിട്ട കണക്കു പ്രകാരം ഈ പാദത്തിലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമാണ്. പ്രതീക്ഷിച്ചതിലും ഏറെ താഴ്ന്ന നിരക്കാണിത്. മുന്‍പാദത്തില്‍ 6.1 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. 2016-17ലെ ആദ്യ പാദത്തില്‍ 7.9 ശതമാനം വളര്‍ച്ചയായിരുന്നു ഉണ്ടായിരുന്നത്.
ഉല്‍പ്പാദനം, നിര്‍മാണം, മൈനിങ് മേഖലയിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. സേവന മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഏപ്രില്‍ജൂണില്‍ നിര്‍മാണ മേഖലയിലെ വളര്‍ച്ചയില്‍ 1.2 ശതമാനമാണ് കുറവുണ്ടായത്. ജനുവരിമാര്‍ച്ചില്‍ ഇത് 5.3 ശതമാനമായിരുന്നു. മൈനിങ് മേഖലയില്‍ 0.7 ശതമാനമാണ് വളര്‍ച്ചാക്കുറവ്. മുന്‍പാദത്തില്‍ ഇത് 6.04 ശതമാനമായിരുന്നു.