ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം വെയ്ന്‍ റൂണി പടിയിറങ്ങി. ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത്ത് സൗത്ത്ഗേറ്റുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും ഇംഗ്ലണ്ട് നായകന്‍ പടിയിറങ്ങിയത്.
തന്റെ പ്രതാപകാലത്തിന്റെ നിഴലുമാത്രമായി ഒതുങ്ങിയ “വാസ” വിമര്‍ശകരുടെ സ്ഥിരം ഇരയായി മാറിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം അന്താരാഷ്ട്ര കരിയറില്‍ നിന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
മോശം പ്രകടനം കാരണം ടീമില്‍ നിന്നും നേരത്തെ താരം പുറത്തായിരുന്നു. 31 കാരനായ റൂണി 13 വര്‍ഷത്തെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് വാസത്തിന് ശേഷം അരങ്ങേറ്റം കുറിച്ച എവര്‍ട്ടണില്‍ മടങ്ങിയെത്തിയത്ത് ഈയ്യിടെയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ ഗോളോട് പ്രീമിയര്‍ ലീഗില്‍ 200 ഗോളെന്ന നേട്ടം പിടിയിലൊതുക്കിയ വാസ ഇംഗ്ലണ്ട് സ്‌ക്വാഡിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 14 വര്‍ഷം നീണ്ട തന്റെ സംഭവബഹുലമായ കരിയറിന് വിരാമിടാന്‍ ഇതാണ് ശരിയായ സമയമെന്ന് റൂണി തീരുമാനിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനായി 119 മത്സരങ്ങളില്‍ നിന്നും 53 ഗോളുകള്‍ നേടിയിട്ടുള്ള റൂണി ഇംഗ്ലീഷ് പടയുടെ ഏറ്റവും വലിയ ഗോള്‍ സ്‌കോറര്‍ ആണ്. പീറ്റര്‍ ഷില്‍ട്ടണ് ശേഷം ഏറ്റവും കൂടുതല്‍ കാലം ടീമിനെ നയിച്ച നായകനും റൂണിയാണ്. 2003 ല്‍ 17 ാം വയസില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു റൂണിയുടെ അരങ്ങേറ്റം. അതും ഒരു റെക്കോര്‍ഡാണ്.
അടുത്ത മത്സരങ്ങള്‍ക്കുള്ള ടീമില്‍ മടങ്ങിയെത്തണമെന്ന് പരിശീലകന്‍ ഗാരത് അറിയിച്ചതിന് പിന്നാലെയായിരുന്നു റൂണി തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. തീരുമാനത്തെ കുറിച്ച് വീട്ടുകാരുമായും സുഹൃത്തുകളുമായി ആലോചിച്ചെന്നും ഇതാണ് ഏറ്റവും ഉചിതമായ സമയമെന്ന് കരുതുന്നുവെന്നും റൂണി പത്രക്കുറിപ്പില്‍ പറയുന്നു.