കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവുവന്ന കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലം സെപ്റ്റംബറിൽ ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചേക്കും. 2015ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 151 എ പ്രകാരം പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആ സീറ്റ് ഒഴിഞ്ഞതു മുതൽ ആറ് മാസത്തിനകം നടത്തണമെന്നാണ് നിയമം.
ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇന്നലെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിവരം അറിയിച്ചത്, ഇനി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്.ലോക്‌സഭയിൽ ഇപ്പോൾ രണ്ട് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത് വയനാടും, പഞ്ചാബിലെ ജലന്ധറും. തന്നെ അയോഗ്യനാക്കിയ നടപടിയിൽ പ്രതികരിക്കാൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് രാഹുൽ ഗാന്ധി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.