X

മൂന്നാമതും വയനാടൻ ജനതയെ ചതിച്ച് ഇടതു സർക്കാർ; വിംസും ഏറ്റെടുക്കില്ല

2015 ജുലൈ 12 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വയനാട് മെഡിക്കൽ കോളജിന് തറക്കല്ലിടുന്നു (ഫയൽ)

വയനാടൻ ജനതയെ വീണ്ടും ചതിച്ച് പിണറായി സർക്കാർ. ജില്ലയിൽ പുതിയ മെഡിക്കൽ കോളജ് സർക്കാർ തലത്തിൽ നിർമ്മിക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇത് യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിലേക്ക് തിരിച്ചുവന്നുവെന്നല്ലാതെ മെഡിക്കൽ കോളജ് സ്ഥാപിക്കുന്ന കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

രാഷ്ട്രീയ ലാഭം മാത്രം മുന്നിൽ കണ്ട് യു.ഡി.എഫ് തീരുമാനത്തെ തള്ളിയ പിണറായി സർക്കാർ അതേ പാതയിലേക്ക് യൂ ടേൺ അടിച്ചിരിക്കുകയാണ്. 2015 ൽ മടക്കിമലയിൽ യു.ഡി.എഫ് സർക്കാർ പ്രാരംഭഘട്ട നിർമ്മാണം ആരംഭിച്ച മെഡിക്കൽ കോളജ് അട്ടിമറിക്കുകയും പ്രതിഷേധം ശക്തമായതോടെ മൂന്ന് വർഷങ്ങൾക്ക് ശേഷം ചുണ്ടേലിൽ സ്വകാര്യ തോട്ടം ഏറ്റെടുക്കാൻ തീരുമാനിക്കയും ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതിയും ഇടതു സർക്കാർ പാതി വഴിയിൽ ഉപേക്ഷിച്ചു. അതിന് ശേഷമാണ് വയാനാട് ജില്ലയിലെ ഏക സ്വകാര്യ മെഡിക്കൽ കോളജായ ഡി വിംസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.

എന്നാൽ ഇതു സാധ്യമല്ലെന്ന് മാസങ്ങൾക്ക് ശേഷം ബോധ്യപ്പെട്ട സർക്കാർ വയനാട്ടുകാരുടെ സ്വപ്‌ന പദ്ധതി അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതി ഇടതു സർക്കാർ വന്നപ്പോൾ അട്ടിമറിച്ചിരുന്നു. സർക്കാർ സ്വന്തം നിലക്ക് മെഡിക്കൽ കോളജ് സ്ഥാപിക്കാതെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡി.എം വിംസ് സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനായിരുന്നു പദ്ധതി. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും ഇത് നടക്കില്ലെന്ന് ഇപ്പോഴാണ് ബോധ്യമായത്. സർക്കാർ തലത്തിൽ പുതിയ മെഡിക്കൽ കോളജ് പണിയാൻ കഴിയില്ലെന്ന വിദഗ്ധ സംഘത്തിന്റെ ഉപദേശത്തിന്റെ പുറത്തായിരുന്നു സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. സ്വന്തം നിലയിൽ സർക്കാർ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കാനുമുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതലയോഗത്തിലാണ് ഉണ്ടായത്.

ഉമ്മൻചാണ്ടി സർക്കാർ മെഡിക്കൽ കോളജ് ആശയവുമായി ഏറെ മുന്നോട്ട് പോയിരുന്നു. ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) പൂർത്തിയാക്കുകയും 69 കോടി രൂപപ അനുവദിക്കുകയും ചെയ്ത ഒരു വലിയ പദ്ധതിയാണ് രാഷ്ട്രീയക്കളികൾ മൂലം ഇടതു സർക്കാർ ഉപേക്ഷിച്ചത്. ഇത് ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരെ അന്ന് വയനാട്ടുകാർ ഒറ്റക്കെട്ടായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ഇടതു സർക്കാർ ഏകപക്ഷീയമായി ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ മുൻപ് യു.ഡി.എഫ് എടുത്ത തീരുമാനത്തിലേക്ക് തന്നെ ഇടതു സർക്കാരും എത്തിച്ചേരേണ്ടി വന്നു. അഞ്ച് വർഷം കഴിഞ്ഞുവെന്നല്ലാതെ ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ ശ്രമിക്കാതെ സർക്കാർ വയനാട്ടുകാരെ വഞ്ചിക്കുകയായിരുന്നു.

സർക്കാരിന്റെ തലതിരഞ്ഞ നടപടികൾ മൂലം ജില്ലയിൽ പിടഞ്ഞു തീരന്നത് നൂറുക്കണക്കിന് നിസ്സഹായ മനുഷ്യ ജീവനുകളാണ്. ഒരു മാസം വയനാട് ജില്ലയിൽ നിന്നും വിവിധ അപകടങ്ങളിലായി ഗുരുതര പരിക്കേറ്റവരും തീപ്പൊള്ളൽ, പാമ്പുകടി, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുമായി 1800 മുതൽ 2200 വരെ ആളുകളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്നുണ്ടെന്നാന്ന് കണക്ക്. ഇതിൽ കുറച്ചുപേരെങ്കിലും മരണപ്പെടുന്ന സാഹചര്യവുമുണ്ട്. ഗുരുതരാസ്ഥയിൽ ചികിത്സ ലഭിക്കാതെ കിലോമീറ്ററുകൽ പോകേണ്ട സാഹചര്യമുണ്ടായിട്ടും സർക്കാർ യാതൊരുവിധ ഉത്തരവാദിത്വവും കാണിച്ചല്ലെന്നാണ് പരാതി.
അനുവദിച്ച ഫണ്ട് ലാപ്‌സാക്കിയും പദ്ധതി പ്രദേശത്തെ തന്നെ ഇല്ലാതാക്കാനായിരുന്നു ഈ സർക്കാർ അധികാരത്തിൽ വന്ന നാളുമുതൽ ശ്രമിച്ചത്. വയനാടിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കി ജില്ലക്ക് യു.ഡി.എഫ് സർക്കാർ മെഡിക്കൽ കോളജ് അനുവദിക്കുകയായിരുന്നു. 2015 ജുലൈ 12 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിലാസ്ഥാപനവും നടത്തിയിരുന്നു. പ്രാരംഭ പ്രവർത്തികൾക്ക് മൂന്ന് കോടിയും നബാർഡ് വഴി 41 കോടിയും സംസ്ഥാന ബജറ്റ് വിഹിതമായി 25 കോടിയും പദ്ധതിക്കായി അനുവദിച്ചു. മെഡിക്കൽ കോളജ് സൈറ്റിലേക്കുള്ള പാതയുടെ ടെണ്ടർ നടപടികൾ യു.ഡി.എഫ് സർക്കാർ പൂർത്തിയാക്കുകയും ചെയ്തു. എന്നിട്ടും ഈ സ്വപ്‌ന പദ്ധതി ഉപേക്ഷിക്കുകയായിരുന്നു ഇടതു സർക്കാർ.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ തലത്തിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം എങ്ങിനെയാണ് നടപ്പിലാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ മെഡിക്കൽ കോളജിനായി ഏറ്റെടുത്ത സ്ഥലം ഉപേക്ഷിച്ച സാഹചര്യത്തിൽ ഇനി സ്ഥലം കണ്ടെത്തുക അസാധ്യമാണെന്നാണ് വയനാട്ടുകാർ പറയുന്നത്.

zamil: