കൽപ്പറ്റ: വയനാട് ജില്ലയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നേരെ കടുവയുടെ ആക്രമണം. പുൽപ്പള്ളി കൊളവള്ളിയിൽ ചെതലയം റേഞ്ച് ഓഫീസർ ടി. ശശികുമാ (54) റിന് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കൊളവള്ളി ജനവാസ മേഖലയിൽഇറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് സംഭവം.
രണ്ടേമുക്കാലോടെ കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വെച്ചാണ് ആക്രമണുണ്ടായത്.
കടുവയുടെ ആക്രമണത്തിൽ റെയിഞ്ചറുടെ ശരീരത്തിൽ പരുക്കേറ്റു. ഇദ്ദേഹത്തെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മുതൽ തന്നെ കടുവയുടെ സാനിധ്യം പ്രദേശത്തെ വീടുകൾക്ക് സമീപത്തുവരെ ഉണ്ടായതോടെ വനംവകുപ്പെത്തി തിരച്ചിൽ നടത്തുന്നതിന്നിടെയാണ ആക്രമണം ഉണ്ടായത്.
കർണാടക വനാതിർത്തിയിൽ കബനി നദിയോട് ചേർന്നുള്ള പ്രദേശമാണ് കൊളവള്ളി. നദിയുടെ മറുകര ഉൾപ്പെടുന്ന വന്യജീവി സങ്കേതത്തിൽ നിന്ന് കടുവ പുഴ കടന്നെത്തിയെന്നാണ് നിഗമനം. കൊളവള്ളി മേഖലയിൽ നേരത്തെയും കടുവ ശല്യമുണ്ടായിരുന്നു. ഏതാനും ദിവസമായി കടുവക്കായി നാട്ടുകാരും വനപാലകരും തിരിച്ചിൽ നടത്തി വരികയായിരുന്നു. വളർത്തുമൃഗങ്ങളെയടക്കം അക്രമിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.
റെയിഞ്ചറെ കടുവ ആക്രമിച്ചതോടെ പ്രദേശവാസികൾ ഭയപ്പാടിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുവയെ മയക്കുവെടി വെച്ചുപിടികൂടണമെന്നാണ് ആവശ്യം. മൂന്ന് മാസംമുമ്പ് പുൽപ്പള്ളി ആനപ്പാറയിൽ വെച്ചും കടുവയുടെ ആക്രമണത്തിൽ ശശികുമാറിന് പരുക്കേറ്റിരുന്നു.