X

വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാന്‍ നീക്കം

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതിനു വീണ്ടും നീക്കം. വയനാട് കടുവാസങ്കേത രൂപീകരണവുമായി ബന്ധപ്പെട്ടു സംസ്ഥാന വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഡല്‍ഹിയില്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പ്രതിനിധികളുമായി ഏപ്രില്‍ രണ്ടാം വാരം ചര്‍ച്ച നടത്തിയതായാണ് വിവരം. അതോറിറ്റി ഇന്‍സ്പെക്ടര്‍ ജനറല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ അമിത് മല്ലിക് പ്രത്യേക താത്പര്യമെടുത്താണ് ചര്‍ച്ചയ്ക്കു സാഹചര്യം ഒരുക്കിയത്. പ്രധാനമന്ത്രിയാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി ചെയര്‍മാന്‍. തെക്കേവയനാട്ടിലെ കുറിച്യാട്, ബത്തേരി, മുത്തങ്ങ, വടക്കേ വയനാട്ടിലെ തോല്‍പ്പെട്ടി വനം റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് 334.44 ഹെക്ടര്‍ വരുന്ന വയനാട് വന്യജീവി സങ്കേതം. കര്‍ണാടകയിലെ നാഗര്‍ഹോള, ബന്ദിപ്പുര, തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളുമായി അതിരിടുന്നതാണ് ഇത്.

കഴിഞ്ഞ വര്‍ഷം വനം-വന്യജീവി വകുപ്പ് നടത്തിയ കാമറ നിരീക്ഷണത്തില്‍ വന്യജീവി സങ്കേതത്തില്‍ ഒരു വയസിനു മുകളില്‍ പ്രായമുള്ള 75 കടുവകളെ കണ്ടിരുന്നു. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ അഞ്ചും സൗത്ത് വയനാട് വനം ഡിവിഷനില്‍ നാലും കടുവകളെ വേറെയും കാണുകയുണ്ടായി. സംസ്ഥാനത്താകെ 176 കടുവകളെയാണ് കാമറ നിരീക്ഷണത്തില്‍ കാണ്ടത്.

വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതിനു 2014ല്‍ ഊര്‍ജിത നീക്കം നടന്നിരുന്നു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇതു വിഫലമായത്. കടുവാസങ്കേത രൂപീകരണത്തിനെതിരെ ജില്ലയില്‍ രാഷ്ട്രീയ-കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. വയനാട് വന്യജീവി സങ്കേതം കടുവാ സങ്കേതമാക്കാനുള്ള നീക്കം ഒരിടവേളക്ക് ശേഷം വയനാട്ടില്‍ വന്‍ പ്രക്ഷോക്ഷത്തിലേക്കാണ് നീങ്ങുന്നത്. വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി വിജ്ഞാപനം ചെയ്യുന്നതു ജില്ലയ്ക്കു ആകെ ഗുണം ചെയ്യുമെന്ന വാദവുമായി പരിസ്ഥിതി രംഗത്തുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. മൂന്നൂ കടുവാസങ്കേതങ്ങളോടു ചേര്‍ന്നു കിടക്കുന്നതായതിനാല്‍ വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതില്‍ അനൗചിത്യം ഇല്ലെന്നാണ് ഇവരുടെ വാദം. വടക്കേ ഇന്ത്യയിലടക്കം ഇതര സംസ്ഥാനങ്ങളില്‍ നാമമാത്ര കടുവകളുള്ള വനപ്രദേശം പോലും കടുവാസങ്കേതമായി വിജ്ഞാപനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കേണ്ട കാലം കഴിഞ്ഞു. വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിച്ചാല്‍ ജില്ലയില്‍ ജനജീവിതം താറുമാറാകുമെന്നു പറയുന്നവര്‍ യഥാര്‍ഥത്തില്‍ വികസന വിരുദ്ധരാണ്. കടുവാസങ്കേതങ്ങളില്‍ സംരക്ഷണ പ്രവര്‍ത്തനത്തിനു വന്യജീവി സങ്കേതത്തെ അപേക്ഷിച്ച് പത്തിരട്ടിയോളം കേന്ദ്ര ഫണ്ട് ലഭിക്കും. വനത്തിലും വനാതിര്‍ത്തിയിലും ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനടക്കമാണ് ഫണ്ട് വിനിയോഗിക്കുന്നത്. കാടും ജനങ്ങളുമായുളള സമ്പര്‍ക്കം കുറയ്ക്കുന്നതിനു ഉതകുന്ന പദ്ധതികള്‍ കടുവാസങ്കേതങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വിജയകരമായി നടത്തുന്നുണ്ട്. വന്യജീവി സങ്കേതത്തെ കടുവാസങ്കേതമാക്കുന്നതു വനത്തില്‍ താമസിക്കുന്ന കര്‍ഷക-ആദിവാസി കുടുംബങ്ങളെ പുറത്തേക്കു മാറ്റുന്നതിനു ആവിഷ്‌കരിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ നിര്‍വഹണം വേഗത്തിലാക്കാനും സഹായകമാകും. കടുവാസങ്കേതങ്ങളില്‍ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിനും വന്‍ സാധ്യതകളാണുള്ളത്. ടൂറിസം കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഇതു ശരിവയ്ക്കുന്നതാണ് അയല്‍ സംസ്ഥാനങ്ങളിലെ കടുവാസങ്കേതങ്ങളിലെ ടൂറിസം പ്രവര്‍ത്തനം. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും പിന്നീട് രണ്ടു സര്‍ക്കാരുകളും ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയും ചെയ്യുന്ന മുറയ്ക്കാണ് ഒരു വന പ്രദേശത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നത്.

chandrika: