വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വയനാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ടാവുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തോടുള്ള കേന്ദ്രത്തിന്റെ നയത്തിന് മറുപടി പറയാനുള്ള അവസരം ഇനി പാലക്കാട്ടെ ജനങ്ങള്‍ക്കാണ്. കേന്ദ്രത്തിന്റെ ഭൂപടത്തില്‍ കേരളം ഇല്ല. കേരളത്തിന്റെ ഭൂപടത്തില്‍ അവരും ഉണ്ടാവാന്‍ പാടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കാനുള്ള വഴി നോക്കി നടക്കുകയായിരുന്നു. ഇത്രേം സമയമായിട്ടും സഹായം എത്തിച്ചിട്ടില്ല. സഹായം നേടിയെടുക്കാന്‍ ഉമ്മന്‍ ചാണ്ടി ഗവണ്മെന്റിനുണ്ടായിരുന്ന ഉത്സാഹം ഈ സര്‍ക്കാരിനില്ല. സംസ്ഥാന സര്‍ക്കാരിന് കഴിവും ത്രാണിയുമില്ലാത്തതിനാലാണ് കേന്ദ്ര സഹായം നേടാനാവാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരുകള്‍ പരാജയപ്പെട്ട സ്ഥലത്ത് സംഘടനകള്‍ സഹായിക്കാന്‍ മുന്നോട്ട് വരുന്ന സ്ഥിതിയാണ് വയനാട്ടിലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും യുഡിഎഫിന് വിജയപ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ പ്രിയങ്കയ്ക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കും. പാലക്കാട് 15,000 വോട്ടുകളുടെ ഭൂരിപക്ഷം രാഹുലിന് കിട്ടും. പാലക്കാട് യുഡിഎഫും ബിജെപിയുമായാണ് മത്സരം. ഇടതുപക്ഷം മൂന്നാം സ്ഥാനത്ത് നിന്ന് വീണ്ടും താഴേക്ക് പോകും. ഇ പി ജയരാജന്‍ ആത്മകഥ എഴുതാതെ ആകാശത്തു നിന്ന് പൊട്ടിവീഴില്ലല്ലോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. എല്ലാം ജനങ്ങള്‍ക്ക് മനസിലായി. സരിന്‍ ഊതിക്കാച്ചിയെ പൊന്ന് എന്ന ഇ.പി യുടെ പരാമര്‍ശത്തിലും പരിഹാസമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇ പി ജയരാജന്‍ പാലക്കാട് വന്നാല്‍ കിട്ടാനുള്ള നാല് വോട്ട് കൂടി ഇടത് സ്ഥാനാര്‍ത്ഥിക്ക് കുറയും.
ഞങ്ങളൊക്കെ വഖഫ് മന്ത്രിമാര്‍ ആയിട്ടുണ്ടെന്നും അന്നൊന്നും മുനമ്പം പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും കേരള സര്‍ക്കാരും കൂടി കളിക്കുകയാണെന്നും മുനമ്പത്തുകാര്‍ക്ക് ഭൂമി നല്‍കണം എന്നൊന്നുമല്ല ബിജെപിക്ക് ഉള്ളതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.