X

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകി നയൻതാരയും വിഘ്‌നേഷും

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സഹായവുമായി നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നഷ്ടങ്ങൾക്ക് ഇത് പകരമാകില്ലെങ്കിലും ഈ അവസ്ഥയിൽ പരസ്പരം സഹായിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നു എന്ന് അദ്ദേഹം കുറിച്ചു.

നേരത്തെ കോളിവുഡ്‌ കമൽഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു. സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കിയപ്പോൾ കമൽഹാസൻ 25 ലക്ഷവും രശ്‌മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നൽകിയത്. തമിഴ്നാട് ഗവൺമെന്റിന്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ നൽകുകയും ചെയ്തിരുന്നു.

അതേസമയം വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. രാഷ്ട്രപതി ഭവനില്‍ ചേരുന്ന യോഗത്തില്‍ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ദുരന്തം ശക്തമായി ഉന്നയിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍മാരുടെ രണ്ട് ദിവസത്തെ യോഗം ഇന്ന് തുടങ്ങും.

webdesk13: