X

വയനാട് ദുരന്തം: ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

ദാരുണമായ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭയിലും രാജ്യസഭയിലും മുസ്ലിംലീഗ് എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നിരവധി മനുഷ്യരുടെ മരണത്തിനും നൂറുകണക്കിന് ആളുകളെ കാണാതാകുന്നതിനും നിരവധി വീടുകൾ തകരുന്നതിനും ഗ്രാമങ്ങൾ ഒറ്റപ്പെടുത്തുന്നതിനും ഇടയാക്കിയ ദാരുണമായ ഉരുൾപൊട്ടലിനെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ലോക്‌സഭയിൽ മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും രാജ്യസഭയിൽ പി.വി അബ്ദുൽ വഹാബ് എം.പിയും അഡ്വ. ഹാരിസ് ബീരാൻ എം.പിയും നോട്ടീസിൽ ആവശ്യപ്പെട്ടു.

രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും വിഷയം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. വയനാട് ജില്ലയിൽ ഉരുൾ പൊട്ടലിനെ തുടർന്ന് ആളുകൾ മരിക്കാനിടയായ സംഭവവും, മലപ്പുറം ജില്ലയിലും മലബാറിലെ മറ്റു ജില്ലകളിൽ ശക്തമായ മഴയെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു.

webdesk14: