മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തിന് ആവശ്യമായ സഹായം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദുരന്തസമയത്ത് എന്‍.ഡി.ആര്‍.എഫില്‍ നിന്നും 215 കോടി സഹായം നല്‍കിയെന്നും മന്ത്രിതല സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 153 കോടി രൂപയുടെ അധിക സഹായവും നല്‍കിയെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.
ദുരന്തസമയത്ത് രാഷ്ട്രീയമില്ലെന്നും 2219 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു. ഇതില്‍ 530 കോടിയുടെ സഹായം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും പരിശോധിച്ച് തുടര്‍ സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
നേരത്തെ വയനാട് പുനരധിവാസത്തിന് സഹായം ചോദിച്ച കേരളത്തിന് 529.50 കോടി രൂപ വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. മൂലധന നിക്ഷേപത്തിനുള്ള ക്യാപക്‌സില്‍ നിന്ന് പലിശരഹിത വായപയെടുക്കാനാണ് അനുമതി. ഈ സ്‌കീമിലെ വായ്പയ്ക്ക് പലിശ ഇല്ല. 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി.
ടൗണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്‌കൂള്‍ നവീകരണം തുടങ്ങിയ പദ്ധതികള്‍ക്ക് ഇതില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്താം. 2024-25 ലെ പദ്ധതിയില്‍പെടുത്തിയാണ് തുക അനുവദിച്ചത്. അതിനാല്‍ മാര്‍ച്ച് 31 നകം ചിലവുകള്‍ സമര്‍പ്പിക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന് വെല്ലുവിളിയാണ്. തുടര്‍ന്ന് ഹൈകോടതി ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രം ഇളവ് അനുവദിച്ചത്.
അതേസമയം അവശിഷ്ടങ്ങള്‍ മാറ്റാന്‍ 36 കോടി നല്‍കിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദുരന്ത നിവാരണ ഭേദഗതി ബില്ലിന്റെ മറുപടിയിലാണ് അമിത് ഷാ, ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നല്‍കിയ കണക്കുകള്‍ പറഞ്ഞത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാര്‍ വയനാട് ഉരുള്‍പൊട്ടല്‍ വിഷയം ഉന്നയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ സഹായത്തിന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായ വിവേചനം കാണിക്കുന്നുവെന്നും എംപിമാര്‍ ആരോപിച്ചിരുന്നു.