പുല്‍പള്ളി: ബത്തേരി-പുല്‍പള്ളി റോഡില്‍ കടുവയുടെ ആക്രമണത്തില്‍നിന്ന് ബാങ്ക് ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ബത്തേരി സായാഹ്നശാഖ ജീവനക്കാരിയായ കെ.ജി. ഷീജയാണ് കടുവയുടെ ആക്രമണത്തില്‍നിന്ന് തവനാരിഴക്ക് രക്ഷപ്പെട്ടത്.
പാമ്പ്രയ്ക്ക് സമീപമെത്തിയപ്പോഴാണ് എസ്‌റ്റേറ്റിന് എതിര്‍വശത്തുള്ള വനത്തില്‍ റോഡരികില്‍ കടുവയെ കണ്ടത്. മുമ്പില്‍ പോയിരുന്ന ബൈക്ക് യാത്രക്കാരുടെ മുകളിലേക്ക് കടുവ ചാടാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. അവര്‍ വേഗത്തില്‍ പോയതോടെ റോഡില്‍ ഷീജ മാത്രമായി. ഈ സമയത്ത് കടുവ ഗര്‍ജനത്തോടെ ഷീജയുടെ നേരേ തിരിഞ്ഞു.പെട്ടെന്ന് രക്ഷകരായി എത്തിയ ട്രാവലര്‍ ഡ്രൈവറാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഷീജ പറഞ്ഞു. ട്രാവലര്‍ വേഗത്തിലെത്തി ഷീജയുടെയും കടുവയുടെയും മധ്യേ നിര്‍ത്തുകയായിരുന്നു.ഈ സമയത്ത് സ്‌കൂട്ടര്‍ വേഗത്തില്‍ ഓടിച്ചാണ് ഷൈജ രക്ഷപ്പെട്ടത്. രണ്ടാഴ്ച മുമ്പ് പള്ളിച്ചിറയില്‍ ഫോറസ്റ്റ് റെയ്ഞ്ചറെയും ഡ്രൈവറെയും കടുവ ആക്രമിച്ചിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് വനപാലകര്‍ അന്ന് രക്ഷപ്പെട്ടത്.