വയനാട് പുനരധിവാസത്തിനായി ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 74 ഹെക്ടര്‍ ഭൂമിക്ക് 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
നഷ്ടപ്പെടുന്ന ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണം. ഭൂമി ഏറ്റെടുക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് നഷ്ടപരിഹാരത്തുക. സര്‍ക്കാര്‍ തീരുമാനിച്ച 26 കോടി രൂപ മതിയായതല്ല. 64 ഹെക്ടര്‍ ഭൂമിക്ക് 20 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കണക്കാക്കിയത്. ഇത് വിപണി വിലയുടെ 5 ശതമാനം തുക മാത്രമാണ്.
പുനരധിവാസ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുപ്പുമായി മുന്നോട്ടുപോകാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. എന്നാല്‍ നഷ്ടപരിഹാരത്തുക അപര്യാപ്തമെങ്കില്‍ ഇക്കാര്യം പ്രത്യേകമായി ഉന്നയിക്കാമെന്നുമാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉയര്‍ന്ന തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.