X

വയനാട് പുനരധിവാസം വേഗത്തിലാക്കണം; മുസ്‌ലിം ലീഗ് സംഘം റവന്യൂ മന്ത്രിയുമായി ചര്‍ച്ച നടത്തി

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്ക് കാലതാമസം പാടില്ലെന്നും എത്രയും വേഗം നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് പ്രതിനിധി സംഘം റവന്യൂ മന്ത്രി കെ. രാജനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. പുനരധിവാസ നടപടികൾ വേഗത്തിലാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.

സർക്കാർ പദ്ധതികളുമായി മുസ്ലിംലീഗ് സഹകരിക്കും. അതോടൊപ്പം ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കണം. ദുരിതബാധിതർക്ക് ഏറെക്കാലം വാടക വീടുകളിൽ കഴിയേണ്ട അവസ്ഥ ഉണ്ടാകരുത്. സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടും വീട് നിർമ്മാണത്തിന്റെ വിഷയങ്ങളും ചർച്ച ചെയ്തു. സർക്കാർ ഒന്നിലധികം ഭൂമി കണ്ടെത്തിയുണ്ടെങ്കിലും മേപ്പാടിയിലുള്ള എച്ച്.എം.എലിന്റെ ഭാഗമായ നെടുമ്പാല എസ്റ്റേറ്റിന് പ്രഥമ പരിഗണന നൽകണമെന്നും കാലതാമസം കൂടാതെ സ്ഥലമേറ്റെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയിൽ സന്നദ്ധപ്രവർത്തകരുമായി കൂടിയാലോചിച്ച് വീട് നിർമ്മാണത്തിന് പ്രത്യേക സ്ഥലം ഏർപ്പെടുത്തി മറ്റ് അനുബന്ധ നിർമ്മാണങ്ങൾക്ക് സർക്കാർ നേതൃത്വം നൽകണമെന്നും മന്ത്രിയുമായുള്ള ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടു.

ആനുകൂല്യത്തിന് അർഹരായവരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്നും അന്തിമ പട്ടിക തയ്യാറാക്കുന്നതിന് മുന്നേ മേപ്പാടി ഗ്രാമപഞ്ചായത്തുമായി ആശയവിനിമയം നടത്തണമെന്നും ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടു. തിരച്ചിൽ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ച് തിരച്ചിൽ ഊർജ്ജിതമാക്കാനും അതിലും കണ്ടെത്താൻ കഴിയാത്തവരുടെ ബന്ധുക്കൾക്ക് മരണരേഖകൾ നൽകാൻ തയ്യാറാവണമെന്നും നേതാക്കൾ മന്ത്രിയോടാവശ്യപ്പെട്ടു.

മുസ്ലിംലീഗിന്റെ പുനരധിവാസ പദ്ധതികൾക്ക് എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. ദുരന്തബാധിതർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രയാസങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും അതെല്ലാം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ മുനീർ, ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ലീഗ് ഉപമസിതി കൺവീർ പി.കെ ബഷീർ എം.എൽ.എ, ഉപസമിതി അംഗങ്ങളായ സി. മമ്മൂട്ടി, പി.കെ ഫിറോസ്, ടി. മുഹമ്മദ്, റസാഖ് കൽപ്പറ്റ, കെ. ഹാരിസ്, എം.എ അസൈനാർ, സമദ് കണ്ണിയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

webdesk17: