X

വയനാട് പുനരധിവാസം: മുസ്‌ലിംലീഗ് അടിയന്തര സഹായങ്ങള്‍ പ്രഖ്യാപിച്ചു

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ അടിയന്തര സഹായങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 691 കുടുംബങ്ങൾക്ക് 15000(പതിനയ്യായിരം) രൂപ അടിയന്തര സഹായം വിതരണം ചെയ്യും. വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായി നഷ്ടപ്പെട്ട 40 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകും.

ടാക്‌സി ജീപ്പ് നഷ്ടപ്പെട്ട 4 പേർക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നു പേർക്ക് ഓട്ടോറിക്ഷകളും വാങ്ങി നൽകും. വിദ്യാഭ്യാസ സഹായങ്ങളും ആവശ്യമെങ്കിൽ ചികിത്സക്ക് സഹായങ്ങളും നൽകും. മേൽ കാര്യങ്ങൾക്ക് ഒന്നര കോടി രൂപ അനുവദിക്കും. ഈ വെള്ളിയാഴ്ച മുതൽ സഹായങ്ങൾ നൽകും. ചെലവഴിക്കുന്ന തുകയും ആപ്പിൽ പ്രദർശിപ്പിക്കും. മുസ്ലിംലീഗ് വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ കളക്ഷൻ സെന്റർ ആരംഭിച്ച് ശേഖരിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളും ഫർണ്ണീച്ചറുകളും ഗൃഹോപകരണങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിൽ കഴിയുന്നവരുമായ ദുരന്തബാധിതർക്ക് വിതരണം ചെയ്തിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ സഹായങ്ങൾ ഇതിനകം കളക്ഷൻ സെന്റർ വഴി വിതരണം ചെയ്തു.

ദുരിത ബാധിത മേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് യു.എ.ഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. യു.എ.ഇ കെ.എം.സി.സിയാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നത്. 55 അപേക്ഷകളിൽനിന്ന് 48 പേരെ ഇതിനായി അഭിമുഖം നടത്തി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യോഗ്യതക്കനുസരിച്ച് ഇവർക്ക് അനുയോജ്യമായ കമ്പനികളിൽ ജോലി നൽകും. ദുരിതബാധിത മേഖലയിലുള്ളവരെ നിയമപരമായ കാര്യങ്ങൾക്ക് സഹായിക്കുന്നതിനായി ലീഗൽ സെൽ രൂപീകരിച്ചു. ലോയേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് നിയമസഹായം നൽകുന്നത്. വീടുകൾ നഷ്ടപ്പെട്ട 100 കുടുംബങ്ങൾക്ക് 8 സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്‌ക്വയർ ഫീറ്റ് വീടും നിർമ്മിച്ച് നൽകും. ഇതിനായി ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്ഥല സംബന്ധമായ കാര്യങ്ങൾക്ക് സർക്കാറുമായി ചർച്ച നടത്തും.

പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഞ്ചംഗ ഉപസമിതിക്ക് നേരത്തെ രൂപം നൽകിയിട്ടുണ്ട്. പി.കെ ബഷീർ എം.എൽ.എയാണ് കൺവീനർ. സി.മമ്മുട്ടി, പി.കെ ഫിറോസ്, പി. ഇസ്മായിൽ, ടി.പി.എം ജിഷാൻ എന്നിവരാണ് അംഗങ്ങൾ. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുമായി ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, സി മമ്മൂട്ടി, പി കെ ഫിറോസ്, പി ഇസ്മായിൽ, ടി പി എം ജിഷാൻ, എം.സി മായിൻ ഹാജി, ആബിദ് ഹുസൈൻ തങ്ങൾ, ഉമ്മർ പാണ്ടികശാല, പാറക്കൽ അബ്ദുല്ല, അൻവർ നഹ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

webdesk14: