വയനാട് പുനരധിവാസം: ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്രം

കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കേന്ദ്രം അനുവദിച്ച പണം മാര്‍ച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന വ്യവസ്ഥ.

ഫണ്ട് വിനിയോഗിക്കാന്‍ മാര്‍ച്ച് 31 എന്ന തീയതി നിശ്ചയിച്ചത് അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് സമയം നീട്ടിയതായി കേന്ദ്രം അറിയിച്ചത്.

പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴാണ് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഈ തുക പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ എന്നു ചോദിച്ച കോടതി, നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോയെന്നും കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്ന് കോടതി ചോദിച്ചു. കൃത്യമായ ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുത്. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച പരി​ഗണിക്കാനായി മാറ്റുകയും ചെയ്തു.

webdesk14:
whatsapp
line