വയനാട് പുനരിധിവാസത്തിനായി 235 പേര്‍സമ്മതപത്രം നല്‍കി. 242 പേരടങ്ങിയ ആദ്യഘട്ട പട്ടികയില്‍ ഉള്ളവരാണ് സമ്മതപത്രം നല്‍കിയത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് 170 പേരും പകരം നല്‍കുന്ന സാമ്പത്തിക സഹായത്തിന് 65 പേരുമാണ് കലക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്. രണ്ടാംഘട്ട എ,ബി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സമ്മതപത്രം ഇന്നുമുതല്‍ സ്വീകരിക്കും.
സമ്മതപത്രം കൈമാറാനുള്ള അവസാന ദിനം ഇന്നലെയായിരുന്നു. ഇന്നലെ മാത്രം 113 ഗുണഭോക്താക്കളാണ് സമ്മതപത്രം കൈമാറിയത്. 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നത്. ഇവിടെ 7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. അതോടൊപ്പം, ആരോഗ്യ കേന്ദ്രം, അംഗന്‍വാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും.
മറ്റേതെങ്കിലും രീതിയിലൊ, സംഘടനകളോ വ്യക്തികളോ മറ്റ് സ്‌പോണ്‍സര്‍മാരോ വീടുവെച്ച് നല്‍കുന്നതിനാലോ ടൗണ്‍ഷിപ്പില്‍ വീട് വേണ്ട എന്ന് തീരുമാനിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 15 ലക്ഷം രൂപ സാമ്പത്തിക സഹായമായി ലഭിക്കും. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താകളില്‍ നിന്ന് സമ്മതപത്രം ഇന്ന് മുതല്‍ സ്വീകരിക്കും. ഇതുകൂടി ചേര്‍ത്ത് ടൗണ്‍ഷിപ്പില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.