വയനാട് പുനരധിവാസം; നിര്‍മ്മിക്കുന്ന വീടൊന്നിനുള്ള തുക 20 ലക്ഷമാക്കി

മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസത്തിനായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വീടൊന്നിന് 20 ലക്ഷം ചെലവ് സര്‍ക്കാര്‍ നിശ്ചയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാനും നിര്‍ദേശം. വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കാനും സുരക്ഷിതമല്ലാത്ത മേഖലയില്‍ താമസിക്കുന്നവരെ പരിഗണിക്കാനും നിര്‍ദേശം.

ഭൂവിസ്തീര്‍ണം കൂട്ടണമെന്ന് ഉന്നയിച്ച് ദുരന്തബാധിതര്‍ നടത്തിയ സമരത്തിനു പിന്നാലെ 750 കോടി രൂപ ചിലവില്‍ കല്‍പറ്റയിലും നെടുമ്പാലയിലുമായി രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമായി.

ദുരന്തത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉപജീവനമാര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുകയാണ് ഉദ്ദേശം. ഏഴ് സെന്റ് പ്ലോട്ടിലാണ് വീട് നിര്‍മിക്കുക. നേരത്തെ ഇത് അഞ്ച് സെന്റായിരുന്നു. ദുരന്തബാധിതര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയില്‍ തുടരാനും മന്ത്രിസഭ തീരുമാനിച്ചു.

ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കുന്നതിനോ, 15 ലക്ഷം രൂപ നല്‍കുന്നതിനോ മുന്‍പ് പട്ടികയില്‍പെടുന്ന വീടുകളില്‍ നിന്നും ഉപയോഗയോഗ്യമായ ജനല്‍, വാതില്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഗുണഭോക്താക്കള്‍ തന്നെ സ്വയം പൊളിച്ച് മാറ്റാം. വില്ലേജ് ഓഫിസറും പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് നിര്‍ദേശം നല്‍കും.

webdesk17:
whatsapp
line