കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ദേശീയ ശ്രദ്ധ നേടിയ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന റെക്കോഡ് പോളിങ് അനുകൂലമാവുക യു.ഡി.എഫിന്. മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. അതിരാവിലെ മുതല്‍ തുടങ്ങിയ കനത്ത പോളിംഗ് കുറക്കാന്‍ തകര്‍ത്തുപെയ്ത മഴക്കുമായില്ല. അവസാനത്തെ കണക്കുകള്‍ പ്രകാരം 80.26 ശതമാനം പേരും മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് 73.26 ശതമാനവും 2019ല്‍ 74.40 ശതമാനവുമായിരുന്നു മണ്ഡലത്തിലെ പോളിങ്. കര്‍ഷക-മലയോര-തോട്ടം-ആദിവാസി മേഖലകളിലും രാവിലെ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. പ്രാക്തന ഗോത്രവര്‍ഗങ്ങളായ കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗങ്ങളും മേപ്പാടി മീനാക്ഷി എസ്റ്റേറ്റിലെ 165 ഓളം തമിഴ് വംശജര്‍ക്കും ഇത്തവണ വോട്ട് ചെയ്തു. പുനരധിവാസം കാത്ത് കഴിയുന്ന കുറിച്യാട് വനാതിര്‍ത്തി ഗ്രാമത്തില്‍ മൂറുശതമാനമായിരുന്നു പോളിങ്.
കേന്ദ്ര-സംസ്ഥാന സേനകളുടെ മേല്‍നോട്ടത്തില്‍ കനത്ത സുരക്ഷയിലായിരുന്നു പോളിംഗ്. പ്രശ്നബാധിതമെന്നു കണ്ടെത്തിയ 72 ബൂത്തുകളില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിരുന്നത്. മണ്ഡലത്തിലെ വോട്ട് ശതമാനത്തിലുണ്ടായ വന്‍വര്‍ധന യു.ഡി.എഫിന് വലിയ ഗുണം ചെയ്യും. വോട്ടിംഗിനിടെ തരുവണ ഗവ.ഹൈസ്‌കൂളില്‍ സജ്ജീകരിച്ച 139ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ മൂന്ന് തവണ വോട്ടിംഗ് തടസ്സപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ മൂലം അഞ്ച് മണിക്കൂറോളം പോളിങ് തടസ്സപ്പെട്ടു. ബത്തേരിയിലെ 161 നമ്പര്‍ ബൂത്ത്, ചീങ്ങേരി, അമ്പലവയല്‍ എന്നിവിടങ്ങളില്‍ വോട്ടിംഗ് സമയം അവസാനിക്കുന്ന 6 മണിക്ക് ശേഷം നീണ്ട നിരയുണ്ടായിരുന്നു. ഇവിടെ രാത്രി വൈകിയാണ് വോട്ടിംഗ് അവസാനിച്ചത്.
അഞ്ച് നിയോജക മണ്ഡലങ്ങളില്‍ 80 ശതമാനത്തിന് മുകളില്‍
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തിലുണ്ടായത് വന്‍ വര്‍ധന. മണ്ഡലത്തിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ 80 ശതമാനത്തിനും മേലെ വോട്ടിംഗ് ശതമാനമുയര്‍ന്നു. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട് തുടങ്ങിയ നിയോജകമണ്ഡലങ്ങളിലാണ് 80 ശതമാനം കടന്നത്. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ തുടങ്ങിയ നിയോജകമണ്ഡലങ്ങളില്‍ അഞ്ച് ശതമാനത്തിലേറെയും വോട്ടിംഗില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
മാനന്തവാടിയില്‍ ആകെയുള്ള 186397 വോട്ടര്‍മാരില്‍ 151998 പേര്‍ വോട്ട് ചെയ്തു. 81.54 ശതമാനമാണ് മാനന്തവാടിയിലെ പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന സുല്‍ത്താന്‍ബത്തേരിയില്‍ ആകെയുള്ള 212838 വോട്ടര്‍മാരില്‍ 174342 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 81.77 ശതമാനമാണ് ആകെ പോളിംഗ്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ആകെയുള്ള 194942 വോട്ടര്‍മാരില്‍ വോട്ടുരേഖപ്പെടുത്തിയത് 157678 വോട്ടര്‍മാരാണ്. 80.71 ശതമാനമാണ് കല്‍പ്പറ്റയിലെ പോളിംഗ്. വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാനന്തവാടി-72.13, സുല്‍ത്താന്‍ബത്തേരി-71.32, കല്‍പ്പറ്റ-72.53 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് ശതമാനം. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ ആകെയുള്ള 170289 വോട്ടര്‍മാരില്‍ 138326 പേരാണ് വോട്ട് ചെയ്തത്. 80.58 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണ തിരുവമ്പാടിയില്‍ 75.33 ശതമാനമായിരുന്നു പോളിംഗ്. ഏറനാട് ആകെയുള്ള 171026വോട്ടുകളില്‍ 139276 പേര്‍ വോട്ട് ചെയ്തു. 80.22 ശതമാനമാണ് ഇവിടെ വോട്ടിംഗ്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 75.33 ശതമാനമായിരുന്നു വോട്ടിംഗ്. നിലമ്പൂര്‍ മണ്ഡലത്തില്‍ ആകെയുള്ള 207801 വോട്ടര്‍മാരില്‍ 161111 പേര്‍ വേട്ട് രേഖപ്പെടുത്തി. 77.38 ശതമാനമായിരുന്നു പോളിംഗ്. വണ്ടൂരില്‍ ആകെയുള്ള 214526 വോട്ടുകളില്‍ സമ്മതിദാവ അവകാശം വിനിയോഗിച്ചത് 167168 പേരാണ്. 77.35 ശതമാനമാണ് വോട്ടിംഗ്. കഴിഞ്ഞ തവണ നിലമ്പൂരില്‍ 72.83, വണ്ടൂരില്‍ 72.30 എന്നിങ്ങനെയായിരുന്നു 2014-ലെ വോട്ടിംഗ് ശതമാനം.