X

വയനാട് കൊലപാതകം; ഞെട്ടൽ മാറാതെ നായ്‌ക്കെട്ടി; സ്ഫോടനം ഇളയമകളുടെ കൺമുന്നിൽ

സുല്‍ത്താന്‍ ബത്തേരിക്കടുത്ത് നായ്ക്കട്ടിയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനുപയോഗിച്ചത് ജലാറ്റിന്‍സ്റ്റിക്. സ്‌ഫോടനം നടത്താനായി മരിച്ച ബെന്നി കര്‍ണടാകയില്‍ നിന്നാണ് ജലാറ്റിന്‍സ്റ്റിക് എത്തിച്ചതെന്നാണ് കരുതുന്നത്. ജലാറ്റിന്‍ സ്റ്റിക്ക് ബെന്നി അരയില്‍ കെട്ടിയാണ് കുടുംബ സുഹൃത്ത് കൂടിയായ ബെന്നി സ്വയം പൊട്ടിത്തെറിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയത്. കന്നട പത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് പൊലീസ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തത്. ബെന്നിയുടെ കടയില്‍ നിന്ന് വേറെയും ജലാറ്റിന്‍ സ്റ്റിക്കുകളും ക്യാപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വയനാട്- കര്‍ണ്ണാടക അതിര്‍ത്തിയിലെ നായ്ക്കട്ടിയിലാണ് സംഭവം. ഓടപ്പള്ളം എറളാട്ട്കുന്നിലെ പെരിങ്ങോട്ടില്‍ വീട്ടില്‍ അബ്രഹാമിന്റെ മകന്‍ ബെന്നി എന്ന ഐസക്(45), നായ്ക്കട്ടി എളവന നാസറിന്റെ ഭാര്യ അമല്‍ നാസര്‍(32) എന്നിവരാണ് മരിച്ചത്.

നായ്ക്കട്ടിയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു നാസറും ഭാര്യ അമലും. അമലിന്റെ പേരിലായിരുന്നു അക്ഷയ കേന്ദ്രം ഉണ്ടായിരുന്നത്. മൂലങ്കാവ് സ്വദേശിയായ ബെന്നി ആശാരിപ്പണിയെടുത്ത് ഫര്‍ണിച്ചര്‍ നിര്‍മ്മിച്ച് വില്പന നടത്തുന്നതിനിടെ നായ്ക്കട്ടിയില്‍ അക്ഷയ കേന്ദ്രത്തിലും അംലയുടെ വീട്ടിലും പതിവ് സന്ദര്‍ശകനായിരുന്നു. നാസറിന്റെ കുടുംബസുഹൃത്തും വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് ബെന്നി. ഇന്നലെ ഉച്ചക്കുമുന്നെ നാലുതവണ ഇയാള്‍ നാസറിന്റെ വീട്ടിലെത്തിയിരുന്നു. വീട്ടമ്മയുടെ ഇളയ മകള്‍ക്ക് ഐസ്‌ക്രീമുമായാണ് ആദ്യം വന്നത്. ആവര്‍ത്തിച്ച് വീട്ടില്‍ വന്നതോടെ ഇനി വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. എന്നാല്‍ ഭര്‍ത്താവ് നാസര്‍ തൊട്ടടുത്തുള്ള നായ്‌ക്കെട്ടി പള്ളിയില്‍ ജുമുഅക്ക് പോയ സമയത്ത് ബെന്നി പ്രതികാരദാഹവുമായി വീണ്ടും എത്തുകയായിരുന്നു.

അടുക്കളയില്‍ ഉച്ചഭക്ഷണം പാകംചെയ്യാനുള്ള തിരക്കിലായിരുന്നു അമല നാസര്‍. പതിവില്‍നിന്ന് വിപരീതമായി ഏറെ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറിവന്ന ബെന്നിയെ കണ്ട വീട്ടമ്മ പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണാന്ത്യമുണ്ടായതെന്നാണ് നിഗമനം. വീടിന്റെ വരാന്തയില്‍വെച്ചാണ് ഇരുവരും പൊട്ടിതെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുവരുടെയും തല ഒഴികെയുള്ള ഭാഗങ്ങളെല്ലാം ചിന്നഭിന്നമായി. മുന്നൂറ്മീറ്റര്‍ അകലെവരെ സ്‌ഫോടനത്തിന്റെ ശബ്ദമുണ്ടായി. സംഭവസമയത്ത് അമലിന്റെ മൂത്ത രണ്ട് കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ബെന്നി എത്തുന്നതിന് മിനിറ്റുകള്‍ക്ക് മാത്രം മുമ്പാണ് അയല്‍വീട്ടിലെ ചെറിയ കുട്ടി ഈ വീട്ടില്‍ നിന്ന് മടങ്ങിയത്. സ്‌ഫോടനത്തില്‍ വീടിന്റെ വരാന്ത, മുറ്റം, ചുമര്‍ എന്നിവിടങ്ങളില്‍ മാസം ചിതറിത്തെറിച്ച് കിടക്കുന്ന അവസ്ഥയിലാണുള്ളത്. വീടിന്റെ പരിസരത്ത് ബെന്നിയെത്തിയ മോട്ടോര്‍ബൈക്കും, സ്‌ഫോടകവസ്തു കത്തിക്കാനുപയോഗിച്ച ലൈറ്ററും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ടോടെ മൃതദേഹങ്ങള്‍ വീടുമുറ്റത്തുതന്നെ പോസ്റ്റ്‌മോര്‍ട്ടംചെയ്തു. അമല്‍ നാസറിന്റെ മൃതദേഹം നായ്ക്കട്ടി ഖബര്‍സ്ഥാനില്‍ മറവുചെയ്തു. ബെന്നിയുടെ കടയില്‍ നടത്തിയ പരിശോധനയില്‍ ജലാറ്റിന്‍ സ്റ്റിക് ഉള്‍പ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തു. മറ്റൊരു ജലാറ്റിന്‍ സ്റ്റിക്കാണ് അരയില്‍ കെട്ടിയതെന്ന് കരുതുന്നു. കന്നട ഭാഷയിലുള്ള പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് ജലാറ്റിന്‍സ്റ്റിക്ക്. അഡീഷണല്‍ എസ്.പി. മൊയ്തീന്‍കുട്ടി, മാനന്തവാടി എ.എസ്.പി. വൈഭവ് സക്‌സേന, പുല്‍പ്പള്ളി സി.ഐ. ഇ.പി. സുരേഷന്‍, ബത്തേരി അഡീഷണല്‍ എസ്.ഐ കെ.സി മണി എന്നിവരും ബോംബ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ് വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. മരണപ്പെട്ട അമല്‍നാസറിന്റെ മക്കള്‍: അഫ്‌റൂസ ഷഹാന, അഫ്രീസ ഷെറിന്‍, ആയിഷ നസ്‌റിന്‍. മുത്ത മകള്‍ കല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. മരണപ്പെട്ട ബെന്നിയുടെ ഭാര്യ: റീന, മക്കള്‍: അലന്‍, അയോണ്‍.

chandrika: