X

വയനാട് മുണ്ടക്കൈ ദുരന്തം: പ്രധാനമന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: വി.ഡി സതീശന്‍

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത മേഖല സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസനത്തിലുള്‍പ്പെടെ കാലാവസ്ഥാ മാറ്റം പരിഗണിച്ചുള്ള നയരൂപീകരണമുണ്ടാകണമെന്നും പുനരധിവാസത്തില്‍ കോണ്‍ഗ്രസും യു ഡി എഫും സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു. വീടുകള്‍ നഷ്ടമായവര്‍ക്ക് ടൗണ്‍ഷിപ്പ് ഉണ്ടാക്കി കമ്മ്യൂണിറ്റി ലിവിങ്‌ സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായി വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല. ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ അനുസരിച്ച് L0 മുതല്‍ L4 വരെയാണ്. L3 മുതല്‍ L4 വരെയുള്ള ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും L4 അനുസരിച്ചുള്ള പ്രത്യേക ഫിനാന്‍ഷ്യല്‍ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തത്തിന്റെ ആഴം മനസിലാക്കി മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യുന്നതു പോലുള്ള സഹായമാണ് വേണ്ടത്.ഇരകളെ പുനരധിവസിപ്പിക്കല്‍ മാത്രമല്ല ദുരന്തമേഖലയില്‍ താമസിക്കുന്നവരെ കൂടി മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. മൂന്നാംഘട്ടത്തില്‍ കുട്ടികള്‍ അനാഥരാക്കപ്പെട്ടവരും പ്രായമയവരും വരുമാനം നഷ്ടപ്പെട്ടതുമായ കുടുംബങ്ങളെ പ്രത്യേകമായി പരിഗണിച്ച് ഫാമിലി പാക്കേജ് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിന് ഇരയായവരുടെ കണക്ക് പോലും ഇതുവരെ കൃത്യമായിട്ടില്ല. എന്നാല്‍ അത് സര്‍ക്കാരിന്റെ കുഴപ്പം കൊണ്ടല്ലന്നും കണാതായവരുടെ എണ്ണത്തിൽ പഞ്ചായത്തിന്റെ കണക്കും ഔദ്യോഗിക കണക്കും തമ്മില്‍ പോലും വ്യത്യാസമുണ്ടെന്നും അതിനേക്കാള്‍ കൂടുതലാണ് കാണാതായവരുടെ എണ്ണമെന്നും അദ്ദേഹംവ്യക്തമാക്കി. അന്യസംസ്ഥാനക്കാരുടെയും ലയങ്ങളില്‍ വാടകയ്ക്ക് താമസിച്ചവരുടെയും വിവരങ്ങള്‍ ലഭ്യമല്ല. വീട് നഷ്ടമായവരും സ്ഥലം ഒന്നാകെ നഷ്ടപ്പെട്ടവരുമുണ്ട്. ക്യാമ്പില്‍നിന്നും എങ്ങോട്ടേക്കാണ് മാറേണ്ടതെന്നതു സംബന്ധിച്ചും വ്യക്തതയില്ലതാവരും ഉണ്ട്. മറ്റു സ്ഥലങ്ങളിലേതു പോലെ വാടകവീടുകള്‍ ലഭിക്കാത്ത സ്ഥലമാണിതെന്നും ഈ സാഹചര്യത്തില്‍ ഒരു മുറിയും ടോയ്‌ലറ്റും അടുക്കളയുമുള്ള താത്കാലിക ഷെല്‍ട്ടറിനെക്കുറിച്ച് ആലോചിക്കണം. അതിന് വേണ്ട എല്ലാ സഹായവും സര്‍ക്കാരിന് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന നൂറു വീടുകള്‍ ടൗണ്‍ഷിപ്പ് ഉണ്ടാക്കി കമ്മ്യൂണിറ്റി ലിവിങ്‌ ഉണ്ടാക്കുന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. ഓരോ വീടിനും എട്ട് ലക്ഷം രൂപ വീതമാണ് നീക്കിവച്ചിരിക്കുന്നത്. വൃത്തിയുള്ള വീടുണ്ടാക്കി ജീവിക്കേണ്ട സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. ഒരു കുട്ടിയുടെ പഠിത്തം പോലും മുടങ്ങിപ്പോകരുത്. സര്‍ക്കാര്‍ സഹായം കിട്ടാത്തവരെ ഞങ്ങള്‍ സഹായിക്കും. എല്ലാവരുടെയും പട്ടിക തയാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെട്ടിമലയും കവളപ്പാറയും പുത്തുമലയും വയനാടും പോലുള്ള ദുരന്തങ്ങള്‍ ഇനിയും കേരളത്തില്‍ ആവര്‍ത്തിക്കപ്പെടരുത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും വിവിധ സ്ഥാപനങ്ങളും ഡിപ്പാര്‍ട്ട്‌മെന്റുകളും ഏകോപിപ്പിച്ച് കൊണ്ടുള്ള വാണിങ് സിസ്റ്റം ഡെവലപ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

webdesk14: