X

വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിട്ടതോടെ വയനാട് മെഡിക്കല്‍ കോളജിന് വീണ്ടും തറക്കല്ലിടുന്നു

SONY DSC

 

കെ.എസ്. മുസ്തഫ
കല്‍പ്പറ്റ

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തറക്കല്ലിടുകയും നിര്‍മ്മാണപ്രവൃത്തികള്‍ക്കായി 68 കോടി രൂപ അനുവദിക്കുകയും ചെയ്ത വയനാട് മെഡിക്കല്‍ കോളജിന് വീണ്ടും തറക്കല്ലിടുന്നു. മെഡിക്കല്‍ കോളജ് ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിജലന്‍സ് അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ് ഇടതു സര്‍ക്കാര്‍ മൂന്ന് വര്‍ഷം തിരിഞ്ഞുനോക്കാതിരുന്ന അതേ സ്ഥലത്താണ് വീണ്ടും ഡി.പി.ആര്‍ തയ്യാറാക്കുകയും തറക്കല്ലിടല്‍ നടത്തുകയും ചെയ്യുന്നത്. ചിങ്ങം ഒന്നി(2018 ആഗസ്ത് 17)നാണ് പുതിയ തറക്കല്ലിടല്‍. നിര്‍മ്മാണത്തിന് 625.38 കോടിയയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക ഒരുക്കങ്ങള്‍ ജൂലൈയില്‍ തന്നെ ആരംഭിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. അതേസമയം മെഡിക്കല്‍ കോളജ് വിഷയവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളുടെ ഭാവിയെക്കുറിച്ച് അധികൃതര്‍ മൗനം തുടരുകയാണ്. ഇതോടെ യു.ഡി.എഫ് പ്രഖ്യാപിച്ച പദ്ധതി എന്ന ഒറ്റക്കാരണത്താല്‍ പൂര്‍ണ്ണമായും അവഗണിക്കുകയും, ഭൂമി നല്‍കിയ ചന്ദ്രപ്രഭ ട്രസ്റ്റുമായി കുടുംബബന്ധമുള്ള എം.പി വീരേന്ദ്രകുമാര്‍ ഇടതുപാളയത്തിലേക്ക് മടങ്ങിയതോടെ അതേ ഭൂമിയില്‍ തന്നെ നിര്‍മ്മാണം തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്ത് സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നുവെന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 9 ലക്ഷം ജനങ്ങള്‍ തമാസിക്കുന്ന ജില്ലയില്‍ ഒരു മെഡിക്കല്‍ കോളജ് പോലുമില്ലെന്ന ആക്ഷേപം ശക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ പദ്ധതിയിട്ടത്. ചന്ദ്രപ്രഭ ട്രസ്റ്റ് കല്‍പ്പറ്റ പുളിയാര്‍മലയില്‍ സൗജന്യമായി നല്‍കിയ 50 ഏക്കര്‍ ഭൂമി ഇതിനായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും 2015 ജൂലൈ 12ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആസ്പത്രിയുടെ തറക്കല്ലിടല്‍ നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. 2 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്്തൃതിയില്‍ 900 കോടി മുതല്‍ മുടക്കി നിര്‍മ്മിക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയത്്. ബെംഗലൂരു ആസ്ഥാനമായുള്ള ആര്‍ച്ചി മാട്രിക്‌സ് ഹെല്‍ത്ത് കെയര്‍ ആര്‍കിടെക്‌റ്റേഴ്‌സ് പദ്ധതിപ്രദേശം സന്ദര്‍ശിച്ച് വിശദമായ മാസ്റ്റര്‍ പ്ലാനും തയ്യാറാക്കി. മെഡിക്കല്‍ കോളജിലേയ്ക്കുളള 1.8 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 2016 ഫെബ്രുവരിയില്‍ 3 കോടി രൂപ വകയിരുത്തി സര്‍ക്കാര്‍ ഉത്തരവുമിറക്കി. ഡി.ബി.ഐ/ടിഎന്‍/84/2015 16 (പി.എസ്.ക്യു) നമ്പര്‍ പ്രകാരം ഇറങ്ങിയ ഉത്തരവനുസരിച്ച് ടെണ്ടര്‍ നടപടികളും ആരംഭിച്ചു. 2016 മാര്‍ച്ച് ഒമ്പതിന് ടെണ്ടര്‍ തുറക്കേണ്ട അവസാന തിയ്യതിയായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അക്കൊല്ലം ബജറ്റില്‍ നീക്കിവെച്ച 25 കോടിക്ക് പുറമെ 2016 ഫെബ്രുവരി 15ന് കെട്ടിടനിര്‍മ്മാണത്തിനായി നബാര്‍ഡില്‍ നിന്നും 41 കോടി രൂപയും യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന ഇടതുസര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. ജനരോഷത്തെത്തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്‌തെങ്കിലും ഡി.പി.ആറുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കുന്ന കാരണം പറഞ്ഞ് റോഡ് പണി പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തു. രണ്ട് വര്‍ഷത്തോളം വെറുതെ കിടന്ന ഭൂമിയിലെ കാട് വെട്ടാന്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പണമനുവദിക്കണമെന്ന് 2017 ഒക്ടോബര്‍ 28ന് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സിനി.ജെ.ഷുക്കൂര്‍ 3438/ 2017 നമ്പര്‍ ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയത് വലിയ വിവാദമായിരുന്നു. യു.ഡി.എഫ് ഘടകക്ഷിയായ ജെ.ഡി.യുവിലെ എം.പി വീരേന്ദ്രകുമാറിനും മകന്‍ ശ്രേയാംസ് കുമാറിനും കുടുംബബന്ധമുള്ള ട്രസ്റ്റിന്റെ ഭൂമിയാണെന്ന കാരണത്താലായിരുന്നു മെഡിക്കല്‍ കോളജിനെ ഇടതു സര്‍ക്കാര്‍ അവഗണിച്ചത്. എന്നാല്‍ മാസങ്ങള്‍ക്കു മുന്നേ വീരന്‍ വിഭാഗം എല്‍ഡിഎഫിലെത്തിയതോടെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

chandrika: