വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വിളിച്ചു ചേർത്ത മുസ്ലിംലീഗ് നേതാക്കളുടെ പ്രത്യേക അവലോകന യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന് മുൻഗണന നൽകണം. കാണാതായ മുഴുവൻ മൃതദേഹങ്ങളും കണ്ടെത്തണം. പുഴയിലൂടെ സഞ്ചരിച്ച് കിലോമീറ്ററുകൾ ഒഴുകിയ ശേഷമാണ് നിരവധി മൃതദേഹങ്ങൾ ലഭിച്ചത്. പുഴയുടെ കൈവഴികളിൽ തങ്ങാൻ സാധ്യതയുള്ള മൃതദേഹങ്ങൾ കണ്ടെത്തണം. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുടെ പുറത്ത്‌നിന്ന് അതിഥികളായി വന്നവർ ഉൾപ്പെടെ ദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് കാണാതായവരുടെ ലിസ്റ്റ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം പുനഃപ്രസിദ്ധീകരിക്കണം.- മുസ്ലിംലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
മുണ്ടക്കൈ മേഖലയിൽ അറുപതിൽപരം വീടുകൾ മണ്ണിനടിയിലാണ്. ഇവിടെ മണ്ണ് നീക്കാൻ ആവശ്യമായ യന്ത്ര സാമഗ്രികൾ എത്തിച്ച് പരിശോധന നടത്തണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ പരിഹാരം കാണുമെന്ന് സർവ്വകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകി. മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കൾക്ക് സൗകര്യമൊരുക്കണമെന്നും ആഭരണങ്ങൾ അഴിച്ച് മാറ്റരുതെന്നും ആഭരണങ്ങൾ തിരിച്ചറിയാനുള്ള മാർഗമാണെന്നും മുസ്ലിംലീഗ് നിർദേശിച്ചു. ഇക്കാര്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പരിക്ക് പറ്റിയവരെ ചികിത്സിക്കുന്നതിന് പ്രത്യേകമായ മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം കാലോചിതമായി വർദ്ധിപ്പിക്കണം. ദുരന്തത്തിന് ഇരയായവർക്ക് വാസയോഗ്യമായ സ്ഥലം നിർണയിച്ച് പുനരധിവാസ പദ്ധതി പ്രഖ്യാപിക്കണം. മലയിടിച്ചിലും മറ്റും കാരണമായി വയനാട് ഒറ്റപ്പെട്ട് കിടക്കുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാത്രി യാത്രാനിരോധനം എടുത്തുമാറ്റണം. പടിഞ്ഞാറത്തറ- പൂഴിത്തോട് ബദൽ റോഡ് വനംവകുപ്പിന്റെ അനുമതിയോടെ തുറന്ന് കൊടുക്കണം. പ്രളയസാധ്യത നിലനിൽക്കുന്നതിനാൽ വിദഗ്ധ സംഘം ശാസ്ത്രീയമായി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ മാപ്പിങ് നടത്തി ആളുകളെ മാറ്റിപ്പാർപ്പിച്ച് ഇനിയൊരു ദുരന്തം സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു. മുണ്ടക്കൈ പഴയ്ക്ക് കുറുകെ വളരെ വേഗത്തിൽ താൽക്കാലിക പാലം നിർമ്മിച്ച സൈന്യത്തെ യോഗം അഭിനന്ദിച്ചു.