മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാംപിളുകളാണ് രക്ത ബന്ധുക്കളില്‍നിന്നു ശേഖരിച്ച ഡിഎന്‍എ സാംപിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണു പരിശോധന നടത്തിയത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന്, അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്‌കരിക്കുന്നതിനും ഡിഎന്‍എ പരിശോധനയ്ക്കു സാംപിളുകള്‍ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചു സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്‌കരിച്ചത്. ഡിഎന്‍എ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവരുടെ വിലാസവും മറ്റു വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്തു തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റു വിശദാംശങ്ങളും ഉപയോഗിച്ചു തിരിച്ചറിയല്‍ അടയാളങ്ങള്‍ സ്ഥാപിക്കാന്‍ ബന്ധുക്കളെ അനുവദിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.