X

വയനാട് ഉരുൾപൊട്ടൽ: തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്

ഉരുൾപൊട്ടൽ തകർത്ത മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തുന്ന രക്ഷാപ്രവർത്തനം ഏഴാം ദിനത്തിലേക്ക്. ചാലിയാർ പുഴയിൽ മൃതദേഹങ്ങൾക്കായി ഇന്നും തിരച്ചിൽ തുടരും. ഇന്നലെ ചാലിയാറിൽ നടത്തിയ തിരച്ചിലിൽ 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയില്‍ സംസ്‌കരിച്ചു. മരണസംഖ്യ 369 ആയി. 53 ക്യാംപുകളിലായി 6759 പേരാണു കഴിയുന്നത്.

ഐബോഡ് പരിശോധനയിൽ ബെയ്‍ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. സിഗ്നലുകൾ മനുഷ്യശരീരത്തിന്റേതാകാമെന്ന് സംശയം. ഡോഗ് സ്ക്വാഡിനെ എത്തിച്ചാകും പരിശോധന നടത്തുക. വനമേഖല കേന്ദ്രീകരിച്ചുള്ള തെരച്ചിലിന് ഡ്രോണുകളും ഹെലികോപ്റ്ററും എത്തും.

ബെയ്‌ലി പാലം കടന്നു ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇന്നു മുതല്‍ ഒരു ദിവസം രാവിലെ ആറ് മുതല്‍ ഒന്‍പതു വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നതു തിരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

webdesk14: