X

വയനാട് ഉരുൾപൊട്ടൽ: രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും ​ഇന്ന് ദുരന്തഭൂമിയിൽ എത്തും

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്തമേഖലയിലെത്തും. 9.45 ന് കണ്ണൂരെത്തും. 12 മണിയോടെ ഇരുവരും കല്പറ്റയില്‍ എത്തും. യോഗത്തിന് ശേഷം മേപ്പാടിയിലെ ക്യാമ്പുകളും ആശുപത്രിയും സന്ദര്‍ശിക്കും.

ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. മോശം കാലാവസ്ഥയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്ന അധികൃതരുടെ നിര്‍ദേശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര റദ്ദാക്കിയത്.

ഉരുള്‍പൊട്ടല്‍ ദുരന്തം രാഹുല്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും വയനാട് മുന്‍ എം പി കൂടിയായ രാഹുല്‍ ആവശ്യപ്പെട്ടു. ”കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നല്‍കണം. ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്നും അത് അടിയന്തിരമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പുനരധിവാസത്തിന് ഒരു കൃത്യമായ പദ്ദതിയുണ്ടാക്കണമെന്ന് ഗതാഗത സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും” രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കല്‍പ്പറ്റയിലെ കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. രക്ഷാ ദൗത്യം, ദുരിത ബാധിതര്‍ക്കുള്ള ധന സഹായം, പുനരധിവാസം ഉള്‍പ്പെടെയുള്ള കര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.

webdesk13: