ഉരുൾപൊട്ടലിൽ സകലതും നഷ്ടമായ വിങ്ങുന്ന മനസ്സുകൾക്ക് ആശ്വാസമായി മുസ്‌ലിംലീഗ് സഹായ വിതരണത്തിന് തുടക്കമായി. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതർക്ക് മുസ്‌ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട ധനസഹായ വിതരണം മേപ്പാടി പൂത്തക്കൊല്ലി മദ്രസാ ഓഡിറ്റോറിയത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ദുരന്ത ബാധിതരായ 691 കുടുംബങ്ങൾക്ക് അടിയന്തിര സഹായമായി 15000 രൂപ വീതവും വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായി നഷ്ടപ്പെട്ട 56 വ്യാപാരികൾക്ക് അമ്പതിനായിരം രൂപ വീതവും, ടാക്സി ജീപ്പ് നഷ്ടപ്പെട്ട 4 പേർക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നു പേർക്ക് ഓട്ടോറിക്ഷകളും സ്‌കൂട്ടറുകളും നൽകുന്ന മൂന്നാംഘട്ട ധനസഹായ വിതരണത്തിനാണ് തുടക്കം കുറിച്ചത്.
”ഉരുൾപൊട്ടലുണ്ടായത് മുതൽ ഈ നിമിഷം വരെ ദുരിതബാധിതർക്കൊപ്പമുണ്ടായിരുന്ന മുസ്്ലിംലീഗ് അവർക്കൊപ്പം എന്നുമുണ്ടാവുമെന്ന് തങ്ങൾ പറഞ്ഞു. നൊമ്പരങ്ങളുടെ മറക്കാവാനാത്ത ഓർമ്മകളിൽ തന്നെയാണിപ്പോഴും ഈ നാട്. ഒരുപാട് പേർ മരിച്ചു. അതിലുമേറെ പേർക്ക് പരിക്കേറ്റു. അതിന് പുറമെയാണ് ബാക്കിയായവരനുഭവിക്കുന്ന മനസംഘർഷങ്ങൾ. അവർക്കൊപ്പം നിൽക്കുന്നത് മുസ്്ലിം ലീഗ് ദൗത്യമായാണ് കരുതുന്നത്.” തങ്ങൾ പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്്ലിം ലീഗ് ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, പി.കെ ഫിറോസ്, പി.ഇസ്മായിൽ, ടി.പി.എം ജിഷാൻ, അഹമ്മദ് കുട്ടി ഉണ്ണികുളം, ഹനീഫ മുന്നിയൂർ, ജോജിൻ ടി. ജോയി, കെ. ഉസ്മാൻ, പി.പി അബ്ദുൽഖാദർ, ടി.ഹംസ, ആഷിഖ് ചെലവൂർ തുടങ്ങിയവർ സംസാരിച്ചു. പി.കെ അഷറഫ് മേപ്പാടി നന്ദി പറഞ്ഞു.